സി.പി.ഐ.എം മാധ്യമങ്ങളുടെ താരാട്ടുപാട്ടിലൂടെ വളര്‍ന്നുവന്ന ജനവിരുദ്ധ പ്രസ്ഥാനം; അതേ മാധ്യമങ്ങളെ നിയമസഭയില്‍ എല്‍.ഡി.എഫ് വിലക്കുന്നത് കാലത്തിന്റെ കാവ്യനീതി: കെ. സുധാകരന്‍
Kerala News
സി.പി.ഐ.എം മാധ്യമങ്ങളുടെ താരാട്ടുപാട്ടിലൂടെ വളര്‍ന്നുവന്ന ജനവിരുദ്ധ പ്രസ്ഥാനം; അതേ മാധ്യമങ്ങളെ നിയമസഭയില്‍ എല്‍.ഡി.എഫ് വിലക്കുന്നത് കാലത്തിന്റെ കാവ്യനീതി: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th June 2022, 12:45 pm

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം നടക്കുന്നതിനിടെ നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

മാധ്യമങ്ങള്‍ക്കെതിരെ കടുത്തഭാഷയില്‍ വിമര്‍ശനമുയര്‍ത്തിക്കൊണ്ടായിരുന്നു സുധാകരന്റെ പ്രതികരണം. മാധ്യമങ്ങളുടെ താരാട്ടുപാട്ടിലൂടെ വളര്‍ന്നുവന്ന ജനവിരുദ്ധ പ്രസ്ഥാനമാണ് സി.പി.ഐ.എം എന്നും അതേ മാധ്യമങ്ങളെ നിയമസഭയില്‍ എല്‍.ഡി.എഫ് തന്നെ വിലക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്നും സുധാകരന്‍ പറഞ്ഞു.

”എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങള്‍ക്ക് മുമ്പില്‍ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്കുള്ളത്. അതേ മാധ്യമങ്ങളെ നിയമസഭയില്‍ എല്‍.ഡി.എഫ് തന്നെ വിലക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണ്.

മാധ്യമങ്ങളുടെ താരാട്ടുപാട്ടിലൂടെ വളര്‍ന്നുവന്ന് നിലനില്‍ക്കുന്ന ഒരു ജനവിരുദ്ധ പ്രസ്ഥാനമാണ് സി.പി.ഐ.എം. സിനിമാക്കഥകളെ വെല്ലുന്ന കള്ളക്കഥകള്‍ ചമച്ച് ഇടതുനേതാക്കളെ അവര്‍ എന്നും ബിംബങ്ങളാക്കിയിട്ടുണ്ട്. ഖദര്‍ധാരികളെ ഇല്ലാക്കഥകള്‍ പടച്ചുണ്ടാക്കി എന്നും വേട്ടയാടിയിട്ടുമുണ്ട്.

പിണറായി വിജയന് വരെ ജനകീയത ഉണ്ടാക്കി വെളുപ്പിച്ചെടുക്കാന്‍ രാപ്പകല്‍ അധ്വാനിച്ചത് ഇതേ ഇടതുമാധ്യമങ്ങളാണ്. ഇന്നിതാ കള്ളക്കടത്ത് വീരനായ മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പോലും ജനങ്ങളിലെത്തിക്കാന്‍ കഴിയാതെ മാധ്യമങ്ങള്‍ ഭാഗികമായി വിലക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വളര്‍ത്തിയെടുത്തവര്‍ ജനങ്ങള്‍ക്കെതിരെ മാത്രമല്ല നിങ്ങള്‍ക്കെതിരെയും തിരിയുന്നത് അനിവാര്യമായ തിരിച്ചടിയാണ്,” കെ. സുധാകരന്‍ പറഞ്ഞു.

എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങൾക്ക് മുമ്പിൽ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ…

Posted by K Sudhakaran on Sunday, June 26, 2022

അഴിമതിക്കാരനായ പിണറായി വിജയനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഭയന്നതിന്റെ ഫലമാണ് കേരളം ഇന്നനുഭവിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ അഴിമതികളെയും ജനങ്ങളിലെത്തിക്കുകയെന്ന മാധ്യമധര്‍മം നിങ്ങള്‍ നിറവേറ്റണമെന്നും മാധ്യമങ്ങളോടുള്ള ഓര്‍മപ്പെടുത്തലെന്നോണം സുധാകരന്‍ പറഞ്ഞു.

”പ്രിയ മാധ്യമ സുഹൃത്തുക്കളേ, ഇന്നലെകളില്‍ അഴിമതിക്കാരനായ പിണറായി വിജയനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ ഭയന്നുവിറച്ചതിന്റെയും കേരള ചരിത്രത്തിലെ ഏറ്റവും മോശം ഭരണം ജനങ്ങളിലെത്തിക്കാതെ സ്തുതി പാടിയതിന്റെയും ഫലമാണ് കേരളം ഇന്നനുഭവിക്കുന്നത്. ഇനിയെങ്കിലും ഈ കഴിവുകെട്ട ഭരണാധികാരിയെയും അയാളുടെ അഴിമതികളെയും ജനങ്ങളിലെത്തിക്കുകയെന്ന മാധ്യമധര്‍മം നിങ്ങള്‍ നിറവേറ്റണം. കാലവും ജനവും അതാവശ്യപ്പെടുന്നുണ്ട്,” കെ.പി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അപൂര്‍വമായി മാത്രമാണ് സഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താറുള്ളത്. നിയമസഭ സമ്മേളിച്ചപ്പോള്‍ മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയത്.

മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിലും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സഭാ ടി.വി വഴിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടി.വി വഴി നല്‍കിയിരുന്നില്ല.

പി.ആര്‍.ഡി വഴി നല്‍കിയ ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഭരണപക്ഷത്ത് നിന്നുള്ള ദൃശ്യങ്ങള്‍ മാത്രമാണ് പി.ആര്‍.ഡി വഴി നല്‍കിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊവിഡ് സമയത്ത് മാധ്യമങ്ങള്‍ക്ക് സഭയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരാനാണ് സ്പീക്കറുടെ തീരുമാനം.

Content Highlight: K Sudhakaran criticize media and government’s attitude towards it