ഞാന്‍ എടുത്ത പല സാധനങ്ങളും ദാസേട്ടൻ എന്നെക്കൊണ്ട് തിരികെ വെപ്പിച്ചു: കെ.എസ്. ചിത്ര
Entertainment
ഞാന്‍ എടുത്ത പല സാധനങ്ങളും ദാസേട്ടൻ എന്നെക്കൊണ്ട് തിരികെ വെപ്പിച്ചു: കെ.എസ്. ചിത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th May 2023, 11:55 pm

കെ.എസ്. ചിത്രയെ കേരളത്തിന്റെ സ്വന്തം ചിത്ര എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മലയാളത്തിന്റെ വാനമ്പാടിയായ ചിത്രയുടെ ഗാനങ്ങള്‍ കേള്‍ക്കാത്തവരായി ഇന്ത്യയില്‍ തന്നെ ആളുകള്‍ കുറവാണ്.

മലയാളികള്‍ ആരാധിക്കുന്ന ചിത്രയുടെ സംഗീത ജീവിതം തുടങ്ങുന്നത് തന്നെ ഗായകന്‍ യേശുദാസിന്റെ കൂടെയുള്ള ഗാനങ്ങളിലൂടെയാണ്. ശബ്ദം സൂക്ഷിക്കുന്നതിനായി അദ്ദേഹം ഭക്ഷണ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് മാതൃകാപരമാണെന്ന് പറയുകയാണ് ചിത്ര. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ചിത്ര.

‘ഞാന്‍ പാടി തുടങ്ങുന്നത് ദാസേട്ടന്റെ കൂടെയാണ്. പാടി തുടങ്ങിയതുമുതല്‍ ദാസേട്ടന്റെ കൂടെ ധാരാളം ഗാനമേളകള്‍ക്ക് പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം ശബ്ദം സൂക്ഷിക്കുന്ന വിധവും ഗാനങ്ങള്‍ക്ക് കൊടുക്കുന്ന പ്രാധാന്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. അത് വളരെ മാതൃകാപരമാണ്.
പരിപാടികള്‍ ഉള്ള ദിവസം അദ്ദേഹം ധാരാളം ആഹാര സാധനങ്ങള്‍ ഒഴിവാക്കും. ചിലപ്പോള്‍ കൂടെ പോകുന്ന എന്നെയും കഴിക്കാന്‍ സമ്മതിക്കില്ല. ബുഫെ സംവിധാനമുള്ള പരിപാടികള്‍ക്ക് പോകുമ്പോള്‍ കാണാന്‍ നല്ല ഭംഗിയുള്ള ഒത്തിരി ഭക്ഷണങ്ങള്‍ കണ്ടിട്ടുണ്ട്. അതൊക്കെ കഴിക്കാന്‍ തോന്നിയിട്ടുണ്ട്. ഞാന്‍ എടുത്ത പല സാധനങ്ങളും എന്നെക്കൊണ്ട് തിരികെ വെപ്പിച്ചിട്ടുണ്ട് (ചിരിക്കുന്നു). അദ്ദേഹം ശീലിപ്പിച്ചിട്ടുള്ള പല കാര്യങ്ങളും ഞാന്‍ ഇപ്പോഴും ശീലിക്കുന്നുണ്ട്,’ ചിത്ര പറഞ്ഞു.

അഭിമുഖത്തില്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെകുറിച്ചും ചിത്ര സംസാരിച്ചു. അദ്ദേഹം തണുത്ത ആഹാരങ്ങളൊക്കെ കഴിക്കാന്‍ പറയാറുണ്ടെന്നും എല്ലാത്തിനോടും പൊരുത്തപ്പടാന്‍ പറഞ്ഞിട്ടുണ്ടെന്നും ചിത്ര പറഞ്ഞു.

‘എസ്. പി. ബി. സാര്‍ എന്നോട് തണുത്ത ആഹാരങ്ങളൊക്കെ കഴിക്കാന്‍ പറഞ്ഞിട്ടുണ്ട്. തണുത്തതോന്നും ഞാന്‍ കഴിക്കാറില്ല. എന്നോട് അദ്ദേഹം എപ്പോഴും പറയും ഇത്തരത്തില്‍ ഓവര്‍ ആയിട്ട് ശബ്ദത്തെ സംരക്ഷിക്കേണ്ടെന്ന്. എല്ലാ കാലാവസ്ഥയിലും പൊരുത്തപ്പെട്ട് പോകണ്ടതാണെന്ന് അദ്ദേഹം പറയാറുണ്ട്. ദാസേട്ടനായും എസ്.പി.ബിയും സ്വഭാവത്തില്‍ വളരെ വ്യത്യസ്തരാണ്,’ ചിത്ര പറഞ്ഞു.

Content Highlights: K.S. Chithra on Yesudas