എന്റെ കല്യാണത്തിന് ഗാനമേള സെറ്റ് ചെയ്തത് ഇക്ക ആയിരുന്നു: ലുക്മാന്‍ അവറാന്‍
Entertainment
എന്റെ കല്യാണത്തിന് ഗാനമേള സെറ്റ് ചെയ്തത് ഇക്ക ആയിരുന്നു: ലുക്മാന്‍ അവറാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th May 2023, 12:09 am

ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്ന ചിത്രം തിയേറ്ററില്‍ സജീവമാകുന്ന സാഹചര്യത്തില്‍ പ്രേക്ഷകര്‍ പറയുന്ന പേര് ജാഫര്‍ ഇടുക്കി എന്ന് മാത്രമാണ്. ജാഫര്‍ ഇടുക്കിയുമായുള്ള സൗഹൃദത്തെപ്പറ്റി പങ്കുവെക്കുകയാണ് ലുക്മാന്‍ അവറാന്‍.
ജീവിതത്തില്‍ കഠിനാദ്ധ്വാനം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും വ്യക്തിപരമായി അദ്ദേഹവുമായി നല്ല ബന്ധമാണെന്നും പറയുകയാണ് ലുക്മാന്‍. ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം. ഒപ്പം ജാക്‌സണ്‍ ബസാര്‍ യൂത്തിന്റെ വിശേഷങ്ങളും പങ്കുവച്ചു അദ്ദേഹം.

‘ജാഫര്‍ ഇക്കയെ എനിക്ക് വളരെ നന്നായിട്ടറിയാം. ജാഫര്‍ ഇക്കയായിട്ട് വളരെ നല്ല അടുപ്പമാണ്. എന്റെ കല്യാണത്തിനൊക്കെ വന്നപ്പോള്‍ ഞങ്ങള്‍ അടിച്ചുപൊളിച്ചതാണ്. അജഗജാന്തരത്തില്‍ ഒക്കെ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ജാക്‌സണ്‍ ബസാറിന്റെ പോസ്റ്റര്‍ കണ്ടാല്‍ മനസിലാകും അദ്ദേഹം ആ സിനിമയില്‍ വളരെ പ്രാധാന്യമുള്ള നടനാണെന്ന്. അദ്ദേഹത്തിന്റെ അഭിനയം വളരെ മികച്ചതാണ്. ആ സിനിമ കണ്ടിറങ്ങുന്നവരുടെ മനസില്‍ നിന്ന് അദ്ദേഹത്തിന്റെ കഥാപാത്രം മായില്ല. അത്രയും മികച്ച പ്രകടനമാണ്,’ ലുക്മാന്‍ പറഞ്ഞു.

ജാഫര്‍ ഇടുക്കിയുടേത് വളരെ സ്വാഭാവിക അഭിനയം ആണെന്നും അദ്ദേഹം അഭിനയം പഠിച്ചിട്ടല്ല ചെയ്യുന്നതല്ലെന്നും ലുക്മാന്‍ പറഞ്ഞു. സിനിമയെ തന്റെ ജീവിത മാര്‍ഗമായിട്ടാണ് അദ്ദേഹം കാണുന്നതെന്നും, അതിനുവേണ്ടി നന്നായി അദ്ധ്വാനിക്കണമെന്ന് ജാഫര്‍ ഇടുക്കി പറഞ്ഞിട്ടുണ്ടെന്നും ലുക്മാന്‍ കൂട്ടിച്ചേര്‍ത്തു.

‘ജാഫര്‍ ഇക്കയുടേത് വളരെ ഓര്‍ഗാനിക് ആയിട്ടുള്ള അഭിനയമാണ്. അദ്ദേഹം അഭിനയം പഠിച്ചിട്ടൊന്നുമല്ല ചെയ്യുന്നത്. ഇപ്പോള്‍ അഭിനേതാക്കള്‍ ടെക്‌നിക്കല്‍ ആക്ടിങ് ഒക്കെ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ജാഫര്‍ ഇക്കക്ക് അങ്ങനെ ഇല്ല. അദ്ദേഹം സിനിമകള്‍ കാണുന്നത് വളരെ കുറവാണ്.
അദ്ദേഹം പറയുന്നത്, അരി വാങ്ങിക്കാന്‍ വേണ്ടി ജോലി ചെയ്യണം എന്നാണ്. ഞങ്ങള്‍ എല്ലാവരോടും അദ്ദേഹം അങ്ങനെയാണ് പറഞ്ഞ്തന്നിട്ടുള്ളത്. ‘നമ്മുടെ വീട്ടില്‍ അരി മേടിക്കണം ലുക്കൂ, അതാണ് നമ്മുടെ ഉദ്ദേശം. അതിനുവേണ്ടി നന്നായി അദ്ധ്വാനിക്കണം’ എന്നാണ് അദ്ദേഹം ഞങ്ങളോട് പറയാറുള്ളത്.
അദ്ദേഹത്തിന്റേത് മനസ്സറിഞ്ഞിട്ടുള്ള പണിയെടുക്കലാണ്. അത് നമുക്ക് സിനിമകള്‍ കണ്ടാലും മനസിലാകും. അദ്ദേഹത്തിന്റെ അഭിനയം വളരെ റിയല്‍ ആയിട്ട് തോന്നും,’ ലുക്മാന്‍ പറഞ്ഞു.

ജാഫര്‍ ഇടുക്കിയുമായിട്ട് വളരെ അടുത്ത ബന്ധമാണെന്നും തന്റെ കല്ല്യാണത്തിന് ഗാനമേളക്കായുള്ള സജീകരണങ്ങള്‍ ഒരുക്കിയതും അദ്ദേഹമാണെന്ന് ലുക്മാന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധമാണ്. എന്റെ കല്ല്യാണത്തിന് ഗാനമേളയൊക്കെ ഉണ്ടായിരുന്നു. അത് മുഴുവനും ഒരുക്കിയത് അദ്ദേഹമാണ്. ഞാന്‍ കല്ല്യാണത്തിന് ഓഡിറ്റോറിയത്തില്‍ ചെന്നപ്പോള്‍ ഒരു ഓര്‍ക്കസ്ട്ര ടീം അവിടെ ഉണ്ടായിരുന്നു. അതാണ് ജാഫര്‍ ഇക്ക,’ ലുക്മാന്‍ പറഞ്ഞു.

Content Highlights: Lukman Avaran on  Jafar Idukki