കെ റെയില്‍ പദ്ധതി; ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്ന് കേന്ദ്രം
Kerala News
കെ റെയില്‍ പദ്ധതി; ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്ന് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th January 2022, 4:40 pm

കൊച്ചി: കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതിയുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ. ഹൈക്കോടതിയിലാണ് റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്.

2013ലെ നിയമ പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് റെയില്‍വേ വ്യക്തമാക്കി. കെ റെയില്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയല്ല. അതുകൊണ്ട്തന്നെ കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമില്ലെന്ന് റെയില്‍വേ കോടതിയെ അറിയിച്ചു.

കെ റെയില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് റെയില്‍വേ നിലപാടറിയിച്ചത്.

വിജ്ഞാപന പ്രകാരം സര്‍വേ ആന്‍ഡ് ബൗണ്ടറീസ് നിയമപ്രകാരം സര്‍വേ തുടരുകയാണെന്ന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ കോടതി വിശദീകരണം ആവശ്യപ്പെട്ടു.

അതേസമയം, സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്ന് സുധാകരന്‍ പറഞ്ഞത്.

പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, കെ റെയില്‍ നഷ്ടപരിഹാരത്തില്‍ ഗ്രാമ-നഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളില്‍ ലഭിക്കുന്ന തുകയില്‍ അവ്യക്തത തുടരുകയാണ്. ഗ്രാമങ്ങളില്‍ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ സാഹചര്യത്തില്‍ അത്രകണ്ട് വില ഉയരില്ല. സാമൂഹിക ആഘാത പഠനം കഴിഞ്ഞ ശേഷമാകും സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കുക.

തലസ്ഥാനത്തെ ജനസമക്ഷം പരിപാടിക്ക് തൊട്ട് മുന്നോടിയായാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരുന്നത്. അന്തിമ കണക്ക് നിശ്ചയിക്കാന്‍ സമയമാകാത്തത് കൊണ്ട് തന്നെ പരിഗണിക്കപ്പെടുന്ന നഷ്ടപരിഹാരം എന്ന് അടിവരയിട്ടാണ് കണക്ക് പുറത്തുവിട്ടിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: K Rail Project; The Center said that the government notification for land acquisition has been approved