'ഹൈന്ദവ വർഗീയവാദത്തെ എതിർക്കുമ്പോൾ ന്യൂനപക്ഷ വർഗീയതയെയും എതിർക്കാൻ നമുക്ക് കഴിയണ്ടേ'; കെ.കെ. ശൈലജ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ
Kerala News
'ഹൈന്ദവ വർഗീയവാദത്തെ എതിർക്കുമ്പോൾ ന്യൂനപക്ഷ വർഗീയതയെയും എതിർക്കാൻ നമുക്ക് കഴിയണ്ടേ'; കെ.കെ. ശൈലജ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2024, 8:44 am

കൊച്ചി: ഹൈന്ദവ വർഗീയതയെ എതിർക്കുമ്പോൾ ന്യൂനപക്ഷ വിഭാഗത്തിലെ വർഗീയതയും എതിർക്കാൻ സാധിക്കണമെന്ന് സി.പി.ഐ.എം എം.എൽ.എ കെ.കെ. ശൈലജ. നിയമസഭാ പ്രസംഗത്തിലാണ് ശൈലജ ടീച്ചർ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് കോൺഗ്രസ് ചെയ്ത കാര്യങ്ങളും, അതിന് കൂട്ടു നിന്ന് മറ്റു പാർട്ടിക്കാർ സ്വീകരിച്ച സമീപനത്തെയും കുറിച്ച് പറഞ്ഞ ശൈലജ ഏകാധിപത്യ സ്വഭാവം ഒരു പാർട്ടിക്കും നല്ലതല്ലെന്ന് കൂടി പറഞ്ഞു. സെക്യൂലറിസത്തിന്റെ അടിത്തറ ഇളകാതെ നോക്കേണ്ടതിന്റെ ആവശ്യം എല്ലാവർക്കുമുണ്ടെന്നും അവർ പറഞ്ഞു. ആനന്ദിന്റെ വരികളെ ഉദ്ധരിച്ചു കൊണ്ട് കോൺഗ്രസിന്റെ ഫാസിസ്റ്റ് സമീപനത്തെയും ശൈലജ ടീച്ചർ വിമർശിച്ചു.

കേരളത്തെ മുന്നോട്ട് നയിക്കുന്നതിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത കൂടി ഓർമിപ്പിച്ച അവർ, സാമ്പത്തിക പ്രശ്നങ്ങൾക്കിടയിൽ പ്രതിപക്ഷം സഹകരിച്ചാൽ മാത്രമേ കാര്യങ്ങൾ മികച്ച രീതിയിൽ കൊണ്ട് പോകാൻ സാധിക്കൂ എന്നും പറഞ്ഞു.

കെ.കെ.ശൈലജ ടീച്ചർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ

‘പ്രസിദ്ധ എഴുത്തുകാരൻ ആനന്ദ് എഴുതിയ ലേഖനമുണ്ട്. അത് ഇങ്ങനെയാണ്. നെഹ്‌റുവിന്റെ കോൺഗ്രസ് ഫാസിസ്റ്റ് സമീപനം സ്വീകരിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ, പക്ഷെ നെഹ്‌റു പോയി ദശാബ്ദം കഴിഞ്ഞപ്പോൾ, തന്റെ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നു വന്നപ്പോൾ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി ഭരണഘടനയുടെ തന്നെ കല്ലുകൾ അടർത്തിയെടുത്ത് സ്വന്തം കൊട്ടാരത്തിനു ചുറ്റും കോട്ടകൾ പണിതു എന്നാണ്. ആ ഇളകിയ കല്ലുകൾ പിന്നീടൊരിക്കലും നേരെ ഉറപ്പിച്ചിട്ടില്ല.

മൗലികാവകാശത്തിന്റെ കല്ലുകൾ ഇളക്കാമെങ്കിൽ സെക്യൂലറിസത്തിന്റെ കല്ലുകളും ഇളക്കാമെന്നു പിന്നീട വന്നവർ പരിശോധിച്ച് കാണുകയാണ്. ഇത് എതിർക്കണം. കോൺഗ്രസ് കുറേകൂടി നന്നാവണം.

വടകര തെരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് ഞാൻ. ബഹുമാനപെട്ട ശ്രീ നജീബ് കാന്തപുരം പറഞ്ഞു ,ഞങ്ങൾക്ക് വേണ്ടി ഗോളടിച്ച മെസ്സി വന്നു എന്ന്. നല്ല ഗോളായിരുന്നു. അതിലൊന്നും തർക്കമില്ല. പക്ഷെ ഈ ഗോൾ ലീഗിന്റെ ഗോൾവലയത്തിലേക്ക് എത്ര വരുമെന്ന് നിങ്ങൾ നോക്കിക്കോളൂ. മുസ്ലിം ലീഗിനെ ഞങ്ങൾ ഒരു വർഗീയ പാർട്ടിയായി പറഞ്ഞിട്ടില്ല.

പക്ഷെ ഹൈന്ദവ വർഗീയതയെ എതിർക്കുമ്പോ ന്യൂനപക്ഷ വിഭാഗത്തിലെ വർഗീയതയും എതിർക്കാൻ ഞങ്ങൾ തയാറാവുന്നുണ്ട്. ഹൈന്ദവ രാഷ്ട്ര വാദത്തെ എതിർക്കുമ്പോൾ ഇസ്‌ലാം രാഷ്ട്ര വാദത്തെയും എതിർക്കാൻ നമുക്ക് കഴിയണ്ടേ. നമുക്കെന്ന് പറഞ്ഞാൽ എൽ.ഡി.എഫിനും കഴിയണം യു.ഡി.എഫിനും കഴിയണം. അവിടെ ഉണ്ടായതെന്താ ജമാഅത്തെ ഇസ്‌ലാമിനും എസ്.ഡി.പി.ഐക്കും സ്ഥാനാർഥി ഉണ്ടായിരുന്നില്ല.

ഇപ്പോൾ നിങ്ങൾക്ക് വിജയിച്ചതിൽ വലിയ സന്തോഷം ഉണ്ട്. പക്ഷെ നിങ്ങൾ ശ്രദ്ധിക്കേണ്ട വിഷയങ്ങളുണ്ട്. മുസ്‌ലിം ലീഗിൽ ഒരുപാട് വർഗീയതയൊന്നും ഇല്ലാത്ത ആളുകളല്ലേ കൂടുതൽ ഉള്ളത്. അപ്പൊ ഈ കൂട്ടുകെട്ട് ശുഭകരമാണോ. നാളെ കോൺഗ്രസിനും ലീഗിനും ഉണ്ടാകാൻ പോകുന്ന അപകടം നിങ്ങളെ ഓർമ്മപ്പെടുത്തി. ആ അപകടം കേരളത്തിന് കൂടി അപകടമാണെന്ന് കൂടി നിങ്ങൾ ഓർക്കണം.

ഇനി മാധ്യമങ്ങളുടെ കാഫിർ പ്രയോഗങ്ങളും കൂടിയുണ്ട്. മാതൃഭൂമി ഓൺലൈൻ പേജ് ക്രിയേറ്റ് ചെയ്തു കൊണ്ട് അതിനകത്തൊരു വാർത്ത കൊടുത്തു. ലവ് ജിഹാദ് ഉണ്ട് കെ.കെ. ശൈലജ എന്ന് ഇത് ആരെ ബോധിപ്പിക്കാനായിരുന്നു. ഞാൻ മാതൃഭൂമിയിൽ ചോദിച്ചു. അപ്പൊ അവർ പറഞ്ഞു. ടീച്ചർ അതൊരു ഫാൾസ് പേജ് ആയിരുന്നു. ഞങ്ങളല്ല എന്ന്. അതിന്റെ ഉത്തരവാദി ആരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഞാനതൊന്നുമിവിടെ തർക്കിക്കുന്നില്ല. അതൊന്നും മനസിലാവാത്ത കാര്യമല്ല. ആരാണ് എന്ന് മനസിലായിട്ടുമുണ്ട്. നിങ്ങളും എല്ലാം മനസ്സിലാക്കേണ്ടതാണ്. രാഷ്ട്രീയ ധാർമികത എന്ന ഒന്നുണ്ട്. ആ രാഷ്ട്രീയ ധാർമികത കാണിച്ചില്ലെങ്കിൽ നമുക്കെല്ലാവർക്കും വരാനിരിക്കുന്ന നാളുകളിൽ ഉണ്ടകാനിടയുള്ള അപകടം ഉണ്ട് എന്ന് സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ് ഒരേ ഒരു കാര്യം ഞാൻ ഇവിടെ പറഞ്ഞത്.

കഴിഞ്ഞതെല്ലാം കഴിഞ്ഞു. നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും നമുക്ക് ഒരുമിച്ച് നിന്ന് നമ്മുടെ കേരളത്തെ മുന്നോട്ട് നയിക്കാം. കേരളത്തിലെ ജനങ്ങൾക്ക് എത്ര മാത്രം ആശ്വാസം എത്തിക്കാം എന്ന കാര്യത്തിന് വേണ്ടി പരിശ്രമിക്കണം. അതിന് പ്രതിപക്ഷത്തിന്റെ കൂടി സഹകരണം കൂടി വേണമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.അങ്ങനെ ഉണ്ടായാൽ മാവേലി സ്റ്റോറുകളിൽ അരി എത്തിക്കുന്നതിനും പെൻഷൻ കൊടുക്കുന്നതിനും സാധിക്കും എന്ന് കൂടി പറയുകയാണ്,’

Content Highlight: K.K. Shilaja criticizes congress