'ചന്ദ്രശേഖരന്റെ ശബ്ദമാണ് സഭയില്‍ കേള്‍ക്കുന്നത്'; സി.പി.ഐ.എമ്മിനത് സഹിക്കുന്നില്ല: കെ.കെ. രമ
Kerala News
'ചന്ദ്രശേഖരന്റെ ശബ്ദമാണ് സഭയില്‍ കേള്‍ക്കുന്നത്'; സി.പി.ഐ.എമ്മിനത് സഹിക്കുന്നില്ല: കെ.കെ. രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th July 2022, 9:53 pm

തിരുവനന്തപുരം: പ്രതിപക്ഷം പറയുന്നത് കൊള്ളേണ്ടിടത്ത് കൊള്ളുന്നതുകൊണ്ടാണ് സി.പി.ഐ.എം നേതാക്കള്‍ മോശം പ്രസ്താവനകള്‍ നടത്തുന്നെന്ന് കെ.കെ. രമ എം.എല്‍.എ. ടി.പി. വധത്തെ ന്യായീകരിക്കാനുള്ള വെപ്രാളമാണ് സഭയില്‍ കണ്ടതെന്നും രമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു രമയുടെ പ്രതികരണം.

അധിക്ഷേപം സി.പി.ഐ.എമ്മിന്റെ ശൈലിയാണെന്നും പ്രകോപിപ്പിച്ചത് ഭരണകക്ഷിക്കെതിരായ വിമര്‍ശനങ്ങളാണെന്നും കെ.കെ. രമ പറഞ്ഞു.

ഈ വിധി ആരുടെ വിധിയാണ്. ആ വിധി കല്‍പ്പിച്ചവരാണ് ഇപ്പോള്‍ പരിഹസിക്കുന്നത്. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിന്റെ അടക്കം ആലോചനയുടെ ഭാഗമായിട്ടാണ് സഖാവ് ടി.പി. ചന്ദ്രശേഖരനെ കൊല ചെയ്തത്. അവരാണ് എനിക്ക് ഈ വിധി തന്നത്. സഖാവ് ചന്ദ്രശേഖരനാണ് സഭയില്‍ സംസാരിക്കുന്നത്. ചന്ദ്രശേഖരന്റെ ശബ്ദമാണ് സഭയില്‍ കേള്‍ക്കുന്നത്. അത് അവര്‍ക്ക് സഹിക്കുന്നില്ല. കുഞ്ഞനന്ദനുമായി ഒരു ബന്ധവുമില്ലെന്ന് പറയാന്‍ പാര്‍ട്ടി തയാറാകുമോ കോടതി വിധിയെപ്പോലും തള്ളിപ്പറയുകയാണ് സി.പി.ഐ.എം ചെയ്യുന്നതെന്നും രമ പറഞ്ഞു.

വ്യക്തിപരമായി അല്ല തന്റെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയമായാണ് കാണുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായിട്ടാണ് ഞാന്‍ ഇരിക്കുന്നത്. എന്നെ പറഞ്ഞാല്‍ അത് ആ പ്രസ്ഥാനത്തിനെതിരായിട്ടാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഒരു സ്ത്രീയെ എന്തിനാണ് വിധവ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത്. പ്രത്യേകിച്ചും സി.പി.ഐ.എം പോലെയൊരു പ്രസ്ഥാനത്തില്‍. ഒരു വ്യക്തിയെ മാത്രമല്ല, അത്തരം മാനസിക സംഘര്‍ഷത്തില്‍ കൂടി കടന്ന് പോകുന്ന എല്ലാ സ്ത്രീകളേയും അധിക്ഷേപിക്കുകയാണെന്നും കെ.കെ. രമ പറഞ്ഞു. വിവാദ പ്രസ്താവന നടത്തുമ്പോള്‍ മുഖ്യമന്ത്രിയും എം.എം. മണിയെ തിരുത്തിയില്ലെന്നും രമ വിമര്‍ശിച്ചു.