മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 24ാം സ്ഥാനത്ത്; സര്‍വകലാശാലാ വിഭാഗത്തില്‍ ജെ.എന്‍.യു രണ്ടാമത്
national news
മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 24ാം സ്ഥാനത്ത്; സര്‍വകലാശാലാ വിഭാഗത്തില്‍ ജെ.എന്‍.യു രണ്ടാമത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th July 2022, 8:44 pm

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സര്‍വകലാശാലകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ദല്‍ഹി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജുകള്‍ക്ക് മികച്ച റാങ്കുകള്‍ നേടാന്‍ കഴിഞ്ഞു.

സര്‍വകലാശാലാ വിഭാഗത്തില്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒന്നാമതും ജെ.എന്‍.യു രണ്ടാമതുമാണ്. ഹിന്ദു കോളേജ്, ചെന്നൈ പ്രസിഡന്‍സി കോളേജ്, ചെന്നൈ ലയോള കോളേജ് എന്നിവയും യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്ന് നാല് സര്‍വകലാശാലകളാണ് ആദ്യ നൂറിലുള്‍പ്പെട്ടത്.

എം.ജി സര്‍വകലാശാല 30, കേരള സര്‍വകലാശാല 40, കുസാറ്റ് 41, കാലിക്കറ്റ് സര്‍വകലാശാല 69 എന്നിങ്ങനെയാണ് റാങ്കുകള്‍. ദല്‍ഹി മിറാന്‍ഡാ ഹൗസാണ് കോളേജുകളില്‍ ഒന്നാമത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 24ാം സ്ഥാനത്തുണ്ട്. രാജഗിരി കോളേജ്(27), തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്(50) എന്നിവര്‍ ആദ്യ അമ്പതിലെത്തി.

ഓവറോള്‍, എന്‍ജിനിയറിങ്, മാനേജ്മെന്റ്, ഫാര്‍മസി, കോളേജ്, ആര്‍ക്കിടെക്ചര്‍, ലോ, മെഡിക്കല്‍, ഡെന്റല്‍, റിസര്‍ച്ച് എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദല്‍ഹി എയിംസാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഒമ്പതാമതുണ്ട്.

ഓവറോള്‍ റാങ്കിങ്ങില്‍ കേരളത്തില്‍ നിന്ന് മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആദ്യ നൂറില്‍ ഇടം പിടിച്ചത്. എം.ജി സര്‍വകലാശാല 51, കുസാറ്റ്-69, കോഴിക്കോട് എന്‍.ഐ.ടി 79 എന്നിങ്ങനെയാണ് റാങ്കുകള്‍. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് പട്ടിക പുറത്തുവിട്ടത്.