പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോളി സജാ കേ രഖ്‌ന എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ജ്യോതിക. ബോളിവുഡിലൂടെയാണ് കരിയര്‍ ആരംഭിച്ചതെങ്കിലും പിന്നീട് സൗത്ത് ഇന്ത്യയിലെ തിരക്കേറിയ നടിമാരില്‍ ഒരാളായി ജ്യോതിക മാറി. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും തിരിച്ചുവരവില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ ജ്യോതികക്ക് സാധിച്ചിട്ടുണ്ട്.
വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം തന്റെ പങ്കാളിയുടെ അച്ഛന്‍ ശിവകുമാറണെന്ന് പലരും പറയുന്നത് കേള്‍ക്കാറുണ്ടെന്നും അക്കാര്യത്തില്‍ വ്യക്ത വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താരം പറയുന്നു. ആളുകള്‍ പറയുന്നതിന്റെ നേര്‍ വിപരീതമാണ് നടന്നതെന്ന് ജ്യോതിക പറയുന്നു. വീട്ടില്‍ തന്നെ ഏറ്റവുമധികം സപ്പോര്‍ട്ട് ചെയ്യുന്നത് അദ്ദേഹമാണെന്ന് ജ്യോതിക പറഞ്ഞു.
സിനിമയില്‍ അഭിനയിക്കാന്‍ തന്നോട് അദ്ദേഹം ആവശ്യപ്പെടാറുണ്ടെന്നും ഷൂട്ടിന് പോകുമ്പോള്‍ വീട്ടിലെ കാര്യങ്ങളെക്കുറിച്ചും മക്കളെക്കുറിച്ചും ആലോചിക്കണ്ടെന്ന് അദ്ദേഹം പറയാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന്റെ ഉത്തരവാദിത്തം മറക്കാന്‍ അദ്ദേഹം പറയാറുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് തനിക്ക് അറിയില്ലെന്നും ജ്യോതിക പറഞ്ഞു.
‘വിവാഹശേഷം എന്നോട് അഭിനയിക്കണ്ടെന്ന് പറഞ്ഞത് സൂര്യയുടെ അച്ഛനാണെന്ന് പലരും പറയുന്നത് കേട്ടു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ആളുകള്‍ പറയുന്നതിന്റെ നേര്‍ വിപരീതമാണ് നടന്നത്. ആ വീട്ടില്‍ എന്നെ ഏറ്റവുമധികം സപ്പോര്‍ട്ട് ചെയ്യുന്നത് അദ്ദേഹമാണ്.
അദ്ദേഹം എന്നോട് അഭിനയിക്കാന്‍ ഒരുപാട് നിര്‍ബന്ധിക്കാറുണ്ട്. ഷൂട്ടിന് പോകുമ്പോള്‍ വീട്ടിലെ കാര്യങ്ങളോ മക്കളുടെ കാര്യങ്ങളോ ഓര്‍ക്കരുതെന്നും അത്തരം ഉത്തരവാദിത്തങ്ങള്‍ മറക്കാനും അദ്ദേഹം നിര്‍ദ്ദേശിക്കും. ഇടവേളയെടുത്ത് തിരിച്ചുവന്നതില്‍ അദ്ദേഹത്തിന്റെ സപ്പോര്‍ട്ടും ചെറുതല്ല. എവിടെ നിന്നാണ് ഈ വാര്‍ത്തകള്‍ വരുന്നതെന്ന് എനിക്ക് അറിയില്ല,’ ജ്യോതിക പറയുന്നു.
തമിഴിലെ മികച്ച നടന്മാരില്‍ ഒരാളായ സൂര്യയാണ് ജ്യോതികയുടെ പങ്കാളി. ഒബ്ബെലി കൃഷ്ണ സംവിധാനം ചെയ്ത സില്ലുന് ഒരു കാതല്‍ എന്ന സിനിമക്ക് പിന്നാലെയാണ് ഇരുവരും വിവാഹം കഴിച്ചത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലേ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക തിരിച്ചുവന്നത്. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: Jyothika reacts to the rumor about her break from cinema