ഓം ശാന്തി ഓശാനയുടെ ആദ്യത്തെ മൂന്ന് ദിവസം ഞാന്‍ പാവത്തെപ്പോലെ നിന്നു, പിന്നെയത് പറ്റില്ലെന്ന് മനസ്സിലായി; അനുഭവം പറഞ്ഞ് ജൂഡ് ആന്റണി
Entertainment
ഓം ശാന്തി ഓശാനയുടെ ആദ്യത്തെ മൂന്ന് ദിവസം ഞാന്‍ പാവത്തെപ്പോലെ നിന്നു, പിന്നെയത് പറ്റില്ലെന്ന് മനസ്സിലായി; അനുഭവം പറഞ്ഞ് ജൂഡ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th July 2021, 1:04 pm

ഓം ശാന്തി ഓശാനയുടെ ഷൂട്ടിങ്ങ് സമയത്തുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായതുകൊണ്ട് അബദ്ധങ്ങളൊന്നും പറ്റാതിരിക്കാന്‍ ഓം ശാന്തി ഓശാനയുടെ ആദ്യ ദിവസങ്ങളില്‍ പാവത്തെപ്പോലെയാണ് താന്‍ നിന്നിരുന്നതെന്നും എന്നാല്‍ പിന്നീട് ആ പ്രകൃതം മാറ്റേണ്ടി വന്നുവെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് ആന്റണി പറയുന്നു.

‘ഒരു കാര്യം കൃത്യസമയത്ത് ചെയ്തില്ലെങ്കിലൊക്കെ എനിക്ക് പെട്ടന്ന് ദേഷ്യം വരും. മര്യാദക്ക് പറഞ്ഞാല്‍ പലതും നടക്കാറില്ല. ഓം ശാന്തി ഓശാനയുടെ ആദ്യ മൂന്നു ദിവസമൊക്കെ ഞാന്‍ ഭയങ്കര പാവമായിരുന്നു. എന്നാല്‍ അന്ന് മാന്യനായിരിക്കുന്ന സമയത്ത് ഞാന്‍ പറഞ്ഞതൊന്നും ആരും കേള്‍ക്കുമായിരുന്നില്ല. മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ ഇങ്ങനെ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞ് തുടങ്ങി,’ ജൂഡ് ആന്റണി പറയുന്നു.

ഗൗരവത്തില്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ നടന്നുതുടങ്ങിയെന്നും ജൂഡ് പറയുന്നു. തട്ടത്തിന്‍ മറയത്തില്‍ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തപ്പോള്‍ ആരോടെങ്കിലും ചൂടാനാവാനുണ്ടായിരുന്നെങ്കില്‍ വിനീത് ശ്രീനിവാസനും ജോമോന്‍ ടി. ജോണും തന്നെയാണ് പറഞ്ഞുവിട്ടിരുന്നതെന്നും
ജൂഡ് പറഞ്ഞു.

സ്വന്തമായി സിനിമ ചെയ്യാന്‍ നിവിന്‍ പോളിയാണ് തന്നെ പ്രചോദിപ്പിച്ചതെന്നും നിവിന്‍ പോളി ഇല്ലായിരുന്നുവെങ്കില്‍ ഒരു അഞ്ച് വര്‍ഷം കൂടി കഴിഞ്ഞേ താന്‍ സിനിമ മേഖലയിലേക്ക് വരുമായിരുന്നുള്ളൂവെന്നും ജൂഡ് പറയുന്നു.

‘എന്നെ കൈപിടിച്ചുയര്‍ത്തിയതും എനിക്ക് ഒരുപാട് പ്രചോദനം നല്‍കിയതും നിവിനാണ്. നിവിന്‍ ഉള്ളതുകൊണ്ടാണ് ഞാന്‍ പെട്ടെന്ന് സിനിമ ചെയ്തത്. ഇല്ലായിരുന്നുവെങ്കില്‍ ഒരു അഞ്ചു വര്‍ഷം കൂടി കഴിഞ്ഞേ സിനിമയിലേക്ക് വരുമായിരുന്നുള്ളൂ,’ അഭിമുഖത്തില്‍ ജൂഡ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jude Anthony Joseph says about Ohm Shanthi Oshaana