മതം എന്റെ കണ്‍സേണ്‍ ആയിരുന്നില്ല, പിന്നെ സ്വര്‍ണ്ണം; ആഷിഖ് അബുവുമൊത്തുള്ള ലളിതവിവാഹത്തെക്കുറിച്ച് കാലങ്ങള്‍ക്കിപ്പുറം റിമ
Entertainment
മതം എന്റെ കണ്‍സേണ്‍ ആയിരുന്നില്ല, പിന്നെ സ്വര്‍ണ്ണം; ആഷിഖ് അബുവുമൊത്തുള്ള ലളിതവിവാഹത്തെക്കുറിച്ച് കാലങ്ങള്‍ക്കിപ്പുറം റിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th July 2021, 12:18 pm

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒട്ടും ആഡംബരമില്ലാത്ത രീതിയില്‍ വിവാഹം കഴിച്ച വ്യക്തികളാണ് സംവിധായകന്‍ ആഷിഖ് അബുവും നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലും. സ്വന്തം സമ്പാദ്യത്തില്‍ നിന്ന് വിവാഹം കഴിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും ലളിതമായ വിവാഹം തന്നെയാണ് ഉദ്ദേശിച്ചിരുന്നതെന്നും തുറന്നുപറയുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ.

മതം തന്റെ കണ്‍സേണ്‍ ആയിരുന്നില്ലെന്നും സ്വര്‍ണ്ണം രക്ഷിതാക്കള്‍ക്ക് ഭാരമാവും എന്നുള്ള ചിന്ത നേരത്തേ തന്നെ തനിക്കുണ്ടായിരുന്നുവെന്നും റിമ പറഞ്ഞു.

‘പതിനെട്ടോ പത്തൊന്‍മ്പതോ വയസ്സുള്ളപ്പോഴാണ് ഞാന്‍ പണം സമ്പാദിച്ച് തുടങ്ങുന്നത്. ക്രൈസ്റ്റ് കോളേജിന്റെ കള്‍ചറല്‍ ടീമിന്റെ ഭാഗമായുള്ള പ്രകടനത്തിന് കിട്ടിയ സമ്മാനത്തുകയായിരുന്നു ആദ്യത്തെ വരുമാനം. അന്നുമുതല്‍ എന്റെ ആവശ്യങ്ങള്‍ക്ക് ഞാന്‍ തന്നെ പണം കണ്ടെത്തണം എന്ന ചിന്ത ഒപ്പമുണ്ട്. കല്ല്യാണത്തിലും അങ്ങനെ ആവണം എന്നെനിക്ക് നിര്‍ബന്ധമായിരുന്നു,’ റിമ പറയുന്നു.

വേണ്ടതെല്ലാം അച്ഛനും അമ്മയും തന്നിരുന്നുവെന്നും അവരെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും തനിക്കുണ്ടായിരുന്നുവെന്നും റിമ പറയുന്നു.

‘എന്നെ ഞാനാക്കിയ എന്റെ ജീവിതവും ചിന്തകളും അനുഭവങ്ങളുമെല്ലാം അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ്. അതുകൊണ്ട് തന്നെ കല്ല്യാണം ലളിതമായി ഞാന്‍ തന്നെ നടത്തണമെന്നതും അച്ഛനും അമ്മയും സന്തോഷത്തോടെ കൂടെ ഉണ്ടായാല്‍ മാത്രം മതിയെന്നതും എന്റെ ആഗ്രഹമായിരുന്നു,’ റിമ പറഞ്ഞു.

ഭംഗിക്ക് വേണ്ടി കല്ല്യാണത്തിന് ആഭരണങ്ങള്‍ ഉപയോഗിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും എന്നാല്‍ ഭാരം കൊണ്ട് നടക്കാനാവാത്ത വിധം ആഭരണങ്ങള്‍ കുത്തിനിറക്കുന്നതിനോട് താല്‍പര്യമില്ലെന്നും റിമ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rima Kallingal shares experience about her wedding