മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ജോജു ജോര്‍ജ്. വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച ജോജു ചെറിയ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ജോജു പണി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴിലും ജോജു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ മമ്മൂട്ടി തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് ജോജു ജോര്‍ജ്. താനും മമ്മൂട്ടിയും തമ്മില്‍ ഒരു ഗുഡ് മോണിങ് ഗുഡ് നൈറ്റ് ബന്ധം മാത്രമെ ഉള്ളുവെന്നും എന്നാല്‍ മമ്മൂട്ടി തന്നെ ശ്രദ്ധിച്ചിട്ടുണ്ടുവെന്നും അദ്ദേഹം പറയുന്നു. തങ്ങള്‍ തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ അത് മാത്രമായിരുന്നുവെന്നും എന്നിരുന്നാലും പല സിനിമകളിലേക്കൊക്കെ തന്നെ അദ്ദേഹം റെക്കമന്റ് ചെയ്തിട്ടുണ്ടെന്നും ജോജു ജോര്‍ജ് പറയുന്നു.
രാജാധി രാജ എന്ന സിനിമയില്‍ തനിക്ക് ഒരു സീന്‍ അഭിനയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മമ്മൂട്ടിയാണ് തന്നെ സഹായിച്ചതെന്നും അദ്ദേഹം അപ്പോഴേ നമ്മളയൊക്കെ പരിഗണിക്കുമായിരുന്നുവെന്നും ജോജു പറഞ്ഞു. ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നെ ശ്രദ്ധിച്ചിട്ടുണ്ട് മമ്മൂക്ക. എനിക്ക് ആകെ മമ്മൂക്കയുമായിട്ടുള്ള പരിചയം ഒരു ഗുഡ് മോണിങ്ങും ഒരു ഗുഡ് നൈറ്റ് പറയുന്നതുമാണ്. ഗുഡ് നൈറ്റ് പറയാന്‍ വേണ്ടി പോയി നില്‍ക്കും. അതുപോലെ ഒരു ഗുഡ് മോണിങ് പറയണമെങ്കില്‍ അദ്ദേഹം കാറില്‍ കേറുമ്പോള്‍ അവിടെ പോയി പറയാം എന്നൊക്കെ വിചാരിക്കും. ആകെ ഉള്ള കമ്മ്യൂണിക്കേഷന്‍ അതാണ്. അങ്ങനെ തുടങ്ങി എവിടെയൊക്കെ എന്നെ കുഴപ്പമില്ല എന്ന് തോന്നിയിട്ട് മമ്മൂക്ക ഒരുപാട് സ്ഥലത്ത് എന്നെ റെക്കമെന്റ് ചെയ്തിട്ടുണ്ട്.
അപ്പോഴും ഈ ഗുഡ് മോണിങ് ഗുഡ്‌നൈറ്റ് ബന്ധമേ ഉള്ളു. അതില്‍ നിന്നുകൊണ്ട് പുള്ളി നമ്മളെ പരിഗണിച്ചിട്ടുണ്ട്. രാജാധിരാജ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വരുമ്പോള്‍ എനിക്ക് സീന്‍ അഭിനയിക്കാന്‍ പറ്റാതെ നില്‍ക്കുകയാണ്. ആ സമയത്ത് പുള്ളി വന്ന് എന്നെ മാറ്റി നിര്‍ത്തി ‘ ഇങ്ങനെ പറ, അങ്ങനെ പറ’എന്നൊക്കെ പറഞ്ഞ് ഒരോ സജഷന്‍സ് തന്നത്. അങ്ങനെയാണ് ആ സീന്‍ റെഡിയായിട്ട് ഞാന്‍ ചെയ്തത്. ആദ്യകാലഘട്ടങ്ങളിലൊക്കെ വളരെ വലിയ സപ്പോര്‍ട്ടീവായിരുന്നു അദ്ദേഹം. ആ പരിഗണന കിട്ടുക എന്നത് ഒരു വലിയ ഭാഗ്യമാണ്,’ ജോജു പറയുന്നു.
Content Highlight: Joju George talks about Mammootty