വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച് ചെറിയ വേഷങ്ങളിലൂടെ മലയാളത്തിന്റെ മുന്‍നിരയിലേക്കെത്തിയ നടനാണ് ജോജു ജോര്‍ജ്. കോമഡി റോളും ക്യാരക്ടര്‍ റോളുകളും തനിക്ക് ചേരുമെന്ന് തെളിയിച്ച ജോജു വില്ലന്‍ വേഷങ്ങളിലൂടെയും ഞെട്ടിച്ചു. നായകവേഷത്തിലും തിളങ്ങിയ ജോജു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പണി എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിലും ജോജു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം നടന്നിരുന്നു. കമല്‍ ഹാസനെ വെച്ച് സിനിമ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ഏത് തരത്തിലുള്ള സിനിമയാകും ചെയ്യുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ജോജു.
കമല്‍ ഹാസനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ കോമഡി ഴോണറാകും താന്‍ ട്രൈ ചെയ്യുകയെന്ന് ജോജു പറഞ്ഞു. തെനാലി പോലെ ആദ്യാവസാനം കോമഡിയുള്ള സിനിമ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അത്തരത്തിലൊരു വേഷത്തില്‍ കമല്‍ ഹാസനെ കാണാന്‍ തനിക്ക് ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഒരു ആഗ്രഹത്തിന്റെ പുറത്താണ് ഇങ്ങനെ പറയുന്നതെന്നും തെനാലി മികച്ചൊരു സിനിമയാണെന്നും ജോജു പറയുന്നു. ആ സിനിമയില്‍ കമല്‍ ഹാസന്റെ പ്രകടനം മനോഹരമായിരുന്നെന്നും അത്തരത്തില്‍ ഒരു സിനിമ ചെയ്യാന്‍ ഒരുപാട് ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. കമല്‍ ഹാസനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ പറഞ്ഞാല് ‘നായകന്‍’ എന്നാകും തന്റെ ഉത്തരമെന്നും ജോജു കൂട്ടിച്ചേര്‍ത്തു.
‘കമല്‍ സാറിനെ വെച്ച് സിനിമ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ കോമഡി ഴോണറാകും ഞാന്‍ ട്രൈ ചെയ്യുക. തെനാലി പോലെ ആദ്യാവസാനം കോമഡിയുള്ള സിനിമയാകും അത്. അത്തരമൊരു സിനിമയില്‍ കമല്‍ സാറിനെ കാണാന്‍ ആഗ്രഹമുണ്ട്. ആ ആഗ്രഹത്തിന്റെ പുറത്താണ് ഞാന്‍ ഇങ്ങനെ പറയുന്നത്. തെനാലിയൊക്കെ മികച്ച സിനിമയാണ്. വെറുമൊരു ആഗ്രഹമാണ് അങ്ങനെയൊരു സിനിമ ചെയ്യണമെന്ന്. കമല്‍ സാറിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ പറഞ്ഞാല് ‘നായകന്‍’ എന്നാകും എന്റെ മറുപടി,’ ജോജു പറയുന്നു.
36 വര്‍ഷത്തിന് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. രംഗരായ ശക്തിവേല്‍ എന്ന കഥാപാത്രമായാണ് കമല്‍ ഹാസന്‍ തഗ് ലൈഫില്‍ വേഷമിടുന്നത്. സിലമ്പരസനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അഭിരാമി, നാസര്‍, തൃഷ, അശോക് സെല്‍വന്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എ.ആര്‍. റഹ്‌മാനാണ് തഗ് ലൈഫിന്റെ സംഗീതം. ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Joju George saying he wish to do a movie with Kamal Haasan like Thenali