ജോജുവിന്റെ മാസ് ത്രില്ലര്‍ 'പണി' വരുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
Entertainment
ജോജുവിന്റെ മാസ് ത്രില്ലര്‍ 'പണി' വരുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th May 2024, 12:07 pm

അസാമാന്യ പ്രകടനത്തിലൂടെയും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ജോജു ജോര്‍ജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ‘പണി’. അഭിനയത്തിലൂടെ ഒരുപിടി നല്ല സിനിമകള്‍ തന്ന ജോജു സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ‘പണി’ പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ്.

ഒടുവില്‍ ഇതാ കാത്തിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജോജു തന്നെ രചനയും നിര്‍വഹിക്കുന്ന സിനിമ ഒരു മാസ്, ത്രില്ലര്‍, റിവഞ്ച് ഴോണറില്‍ ആണ് ഒരുങ്ങുന്നത്.

ജോജു ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയ ‘പണി’ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 100 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവില്‍ തിയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്ന സിനിമയിലെ പ്രധാന നടനും ജോജു തന്നെയാണ്.

അഭിനയ ആണ് നായികയായി എത്തുന്നത്. ഒപ്പം മുന്‍ ബിഗ്ബോസ് താരങ്ങളായ സാഗര്‍, ജുനൈസ് എന്നിവര്‍ക്കൊപ്പം വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 28 വര്‍ഷത്തെ അഭിനയ ജീവിതത്തിനൊടുവില്‍ ആണ് ജോജു സംവിധായകന്റെ വേഷം അണിയുന്നത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായും സഹനടനായും നായകനായും തിളങ്ങി നിന്ന ജോജു സംവിധായകനിലേക്ക് മാറുമ്പോള്‍ അപൂര്‍വ നേട്ടങ്ങളാണ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് – സൂര്യ കോമ്പോ, കമല്‍ഹാസന്‍ എന്നിവര്‍ക്കൊപ്പമുള്ള തമിഴ് ചിത്രത്തിന് പുറമെ അനുരാഗ് കശ്യപിന്റെ ബോളിവുഡ് ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് ഉയരുന്ന മലയാളി താരം കൂടിയാണ് ജോജു.

ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ.ഡി. സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം. റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് പണി നിര്‍മിക്കുന്നത്. വിഷ്ണു വിജയ്, സാം സി.എസ്. എന്നിവരാണ് സംഗീതം. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Content Highlight: Joju George Movie Pani Firstlook Poster Out