താന്‍ സംവിധായകന്‍ ജോഷിയുടെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ജോജു ജോര്‍ജു. താന്‍ ജോഷിയുടെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നെന്നും അദ്ദേഹത്തിന്റെ സിനിമ വളരെ വലിയ സിനിമയായതിനാല്‍ സെറ്റില്‍ ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാകുമായിരുന്നുവെന്നും ജോജു പറഞ്ഞു. പ്രജ എന്ന സിനിമയില്‍ തനിക്ക് ചെറിയൊരു പൊലീസ് വേഷം കിട്ടിയെന്നും എന്‍.എഫ് വര്‍ഗീസിന്റെ മുന്നില്‍ നിന്ന് സല്യൂട്ട് ചെയ്യുന്ന ഒരു സീനായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
അന്ന് ഒക്കെ സ്‌ക്രീനില്‍ നമ്മള്‍ അഭിനയിക്കുമ്പോള്‍ നല്ല എക്‌സൈറ്റ്‌മെന്റ് ആയിരിക്കുമെന്നും തനിക്ക് തന്റെ മുഖം സ്‌ക്രീനില്‍ വരാന്‍ വേണ്ടി തിടുക്കമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. താന്‍ സല്യൂട്ട് അടിക്കുന്ന സീനില്‍ എന്‍.എഫ് വര്‍ഗീസിനെ മറഞ്ഞ് പോയെന്നും അതിന് തനിക്ക് ജോഷിയുടെ കയ്യില്‍ നിന്ന് ചീത്ത കേട്ടെന്നും ജോജു കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ദേഷ്യപ്പെട്ടെന്നും ആ ഷോട്ട് റീടേക്ക് പോയെന്നും ജോജു പറഞ്ഞു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജോഷി സാറിന്റെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു ഞാന്‍. ജോഷി സാറിന്റെ സിനിമയുടെ ലൊക്കെഷനില്‍ ഒരു റൗണ്ട് വരക്കും. അതിന്റെ അപ്പുറത്തേക്ക് സ്റ്റീല്‍ ഗ്ലാസില്‍ ചായ കുടിക്കുന്ന കുറച്ച് ആളുകളുണ്ടാകും. വലിയ പടമാണല്ലോ സാര്‍ ചെയ്യുന്നത്, അതുകൊണ്ട് ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വേണം. അപ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ മെച്ചപ്പെട്ട റോള്‍ അതായത്, സ്‌ക്രീനില്‍ എന്റെ മുഖം വ്യക്തമായികാണണം. അത് ചെയ്യാനുള്ള അവസരം എനിക്ക് ആദ്യമായി കിട്ടിയത്, പ്രജ എന്ന പടത്തില്‍ ആയിരുന്നു.
പ്രജയില്‍ ഞാന്‍ ചെല്ലുമ്പോള്‍ പൊലിസ് യൂണിഫോമിട്ട് നടന്ന് വന്ന് മന്ത്രിയായ എന്‍.എഫ് വര്‍ഗീസ് ചേട്ടന്റെ മുന്നില്‍ നിന്ന് സല്യൂട്ട് അടിക്കുന്നതാണ് സീന്‍. കഴിഞ്ഞു അത്രെയെ ഉള്ളു. ആ ഒരു ഷോട്ടില് മുഖം കാണിക്കാനുള്ള കൊതിയില് നില്‍ക്കുകയും അത് കറക്റ്റായി ചെയ്യാന്‍ പറ്റാത്തതില്‍ ജോഷി സാറിന്റെ അടുത്ത് നിന്ന് ചീത്ത കേള്‍ക്കുകയും ചെയ്തു.
ഞാന്‍ കാരണം ആ ഷോട്ട് റീടേക്ക് പോയി. കാരണം ആ ഷോട്ടില്‍ ഒരുപാട് വലിയ ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. ശരിക്കും എന്റെ മിസ്റ്റേക്ക് അല്ലായിരുന്നു കാരണം ഞാന്‍ എക്‌സൈറ്റ്‌മെന്റ് മൂത്തിട്ട് ഞാന്‍ നടന്നു വന്നു ഒരു പൊസിഷനില്‍ സല്യൂട്ട് അടിക്കുന്നു. കുറെ പേരുണ്ട് അവിടെ. അതില്‍ ഒരു ആളാണ് ഞാന്‍. ഞാന്‍ സല്യൂട്ട് അടിച്ചപ്പോള്‍ എന്റെ കൈ എന്‍.എഫ് വര്‍ഗീസ് സാറിനെ കവര്‍ ചെയ്തു. കവര്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ ക്യാമറയില്‍ കാണാതെ വന്നു. അപ്പോള്‍ സാര്‍ ദേഷ്യപ്പെട്ടു,’ ജോജു ജോര്‍ജ് പറയുന്നു.
Content Highlight: Joju George is sharing his experience when he acted as a junior artist in director Joshi’s film.