ബിഗ് ബജറ്റില്‍ ജോജു; വീണ്ടും ഒരു കാര്‍ത്തിക് സുബ്ബരാജ് ചിത്രം; നായകന്‍ സൂര്യ
Entertainment
ബിഗ് ബജറ്റില്‍ ജോജു; വീണ്ടും ഒരു കാര്‍ത്തിക് സുബ്ബരാജ് ചിത്രം; നായകന്‍ സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th May 2024, 5:39 pm

മികച്ച സിനിമകള്‍ കൊണ്ട് ഏറെ ശ്രദ്ധനേടിയ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ സൂര്യയെ നായകനാക്കി പുതിയ ചിത്രമെത്തുകയാണ്. ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തില്‍ എത്തും.

‘ജഗമേ തന്തിരം’ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് സുബ്ബരാജും ജോജുവും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ധനുഷിനെ നായകനാക്കി 2021ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു ജഗമേ തന്തിരം.

നിലവില്‍ മണിരത്‌നം സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രമായ തഗ് ലൈഫില്‍ അഭിനയിക്കുകയാണ് ജോജു. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ജോജു പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.

മറ്റ് ഭാഷകളിലെ പ്രമുഖ നടന്മാര്‍ക്കും സംവിധായകര്‍ക്കും ഒപ്പം വമ്പന്‍ ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിക്കാനുള്ള അവസരമാണ് ജോജുവിന് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് ഒരു നടന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ് ഇത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും.

Content Highlight: Joju George And Karthik Subbaraj Reunites For Big Budget Movie With Surya