വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം; പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
Narcotics Jihad
വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം; പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th September 2021, 1:54 pm

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന പിന്‍വലിച്ച് പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാപ്പു പറയണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. മാപ്പു പറയാത്ത പക്ഷം പ്രസ്താവനയെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബിഷപ്പിന്റെ ആരോപണങ്ങളെ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘മതങ്ങള്‍ തമ്മില്‍ സുദൃഢമായ മതസൗഹാര്‍ദ്ദവും പരസ്പര സഹകരണവും നിലനില്‍ക്കുന്ന മലയാള മണ്ണില്‍ കാലുഷ്യത്തിന്റെയും പകയുടെയും വിത്തുവിതക്കാനുള്ള ശ്രമം കത്തോലിക്ക സഭയില്‍ നിന്നും ആദ്യമുണ്ടാകുന്നത് ഇല്ലാത്ത ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞ് ഭൂമി കുംഭകോണ കേസ് പ്രതി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പുറപ്പെടുവിച്ച പ്രസ്താവനയെ തുടര്‍ന്നായിരുന്നു. അതിന്റെ വാലുപിടിച്ചായിരുന്നു കഴിഞ്ഞ ദിവസം ഇന്ന് കുഴപ്പമുണ്ടാക്കിയ ഇതേ ബിഷപ്പ്, വര്‍ധിക്കുന്ന മുസ്‌ലിം ജനസംഖ്യയെ മറികടക്കാന്‍ നാലിലേറെ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് സഹായ വാഗ്ദാനവുമായി രംഗത്തു വന്നത്. അക്കാര്യം ജനം പുച്ഛിച്ചു തള്ളിയപ്പോഴാണ് പുതിയൊരു വിഷയസൃഷ്ടിയുമായി ഇയാള്‍ വീണ്ടും രംഗത്തു വരുന്നത്,’ എന്നാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റായ ഫെലിക്‌സ് ജെ. പുല്ലൂടന്‍ പ്രസ്താവനയില്‍ പറയുന്നത്.

ഇത്തരം മാനസിക രോഗികളെ നിയന്ത്രിക്കുവാനുള്ള നിര്‍ബന്ധിത ശ്രമം കേരള മെത്രാന്‍ സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തം വളരെ ഭീകരമായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

‘സഭയുടെയും സമുദായത്തിന്റെയും ആധ്യാത്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ മാത്രം നിയോഗിതരായിട്ടുള്ള മെത്രാന്മാരും മറ്റു പുരോഹിതരും വിശ്വാസിയുടെ ആധ്യാത്മിക ബലഹീനതയെ ചൂഷണം ചെയ്ത് സമസ്ത മേഖലകളും കൈകാര്യം ചെയ്യുന്ന നിലവിലെ വ്യവസ്ഥിതി അപ്പാടെ പൊളിച്ചെഴുതി വിശ്വാസ സമൂഹത്തിലേക്ക് അധികാരങ്ങള്‍ തിരിച്ചെത്തുന്ന സാഹചര്യമുണ്ടാകുമ്പോഴെ മെത്രാന്മാരുടെ അഴിഞ്ഞാട്ടത്തിന് അവസാനമുണ്ടാവുകയുള്ളു,’ ഫെലിക്‌സ് ജെ. പുല്ലൂടന്‍ പറഞ്ഞു.

ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്‌സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റ പരാമര്‍ശം.

മുസ്‌ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍കോട്ടിക്‌സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറയുന്നത്.

കേരളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടക്കില്ലെന്ന് മനസിലായപ്പോഴാണ് ഇത്തരം മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതെന്നും ബിഷപ്പ് പറഞ്ഞു. എട്ട് നോമ്പിനടുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ വെച്ചു നടത്തിയ പ്രസംഗത്തിനിടയിലാണ് ബിഷപ്പിന്റെ വിവാദ പ്രസ്താവന.

അതേസമയം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ബിഷപ്പിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ദല്‍ഹി സര്‍വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിയും എം.എസ്.എഫ് ദല്‍ഹി വൈസ് പ്രസിഡന്റുമായ അഫ്സല്‍ യൂസഫാണ് പരാതിക്കാരന്‍. തൃശ്ശൂര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് സമൂഹത്തില്‍ വിള്ളല്‍ സൃഷ്ടിക്കരുതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സംവിധായകന്‍ ജിയോ ബേബിയും കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Joint Christian Council against Pala Bishop