ഇനി 'നേരെ വാ നേരെ പോ' നയം; ഏഴ് മാസത്തിന് ശേഷം ഫോണില്‍ സംസാരിച്ച് ബൈഡനും ഷി ജിന്‍പിംഗും
World News
ഇനി 'നേരെ വാ നേരെ പോ' നയം; ഏഴ് മാസത്തിന് ശേഷം ഫോണില്‍ സംസാരിച്ച് ബൈഡനും ഷി ജിന്‍പിംഗും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th September 2021, 12:40 pm

വാഷിംഗ്ടണ്‍: ഏഴ് മാസത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മില്‍ ചര്‍ച്ച നടത്തി. 90 മിനിറ്റോളം നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധവും വിവിധ മേഖലകളും ചര്‍ച്ചയായി.

അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം സംഘര്‍ഷത്തിലെത്തിക്കാതെ കൊണ്ടുപോകാന്‍ തങ്ങള്‍ രണ്ട് പേര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ഇരു നേതാക്കളും സംസാരിച്ചതായി വൈറ്റ് ഹൗസ് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റില്‍ പറയുന്നു.

വിശദമായ നയതന്ത്ര ചര്‍ച്ച നടത്തിയെന്നും ഇതില്‍ ചൈനക്കും അമേരിക്കയ്ക്കും സമാന നിലപാടുകളുള്ള വിഷയങ്ങളും വ്യത്യസ്ത നിലപാടുകളുള്ള വിഷയങ്ങളും കടന്നുവന്നെന്നും പ്രസ്താവനയിലുണ്ട്. എല്ലാ വിഷയങ്ങളിലും തുറന്ന സംഭാഷണങ്ങള്‍ നേരിട്ടുതന്നെ നടത്താനും ബൈഡനും ഷി ജിന്‍പിംഗും തീരുമാനിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു.

സാമ്പത്തികരംഗത്തെ വെല്ലുവിളികള്‍, കാലാവസ്ഥ വ്യതിയാനം, കൊവിഡ് 19 എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായെന്നും ഇതില്‍ പറയുന്നുണ്ട്.

അനൗദ്യോഗികപരവും എന്നാല്‍ ആഴത്തിലുള്ളതുമായ സംഭാഷണമാണ് രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ നടന്നതെന്നാണ് ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്താനും കൂടുതല്‍ മെച്ചപ്പെട്ട ബന്ധം വളര്‍ത്തിയെടുക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചതായും ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം യു.എസിന്റെ നയങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലും പ്രശ്‌നങ്ങളും സൃഷ്ടിച്ചതെന്ന് ഷി ജിന്‍പിംഗ് പറഞ്ഞതായും ചൈനീസ് പ്രസ്താവനയിലുണ്ട്.

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മില്‍ കാലങ്ങളായി തുടരുന്ന തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് രൂക്ഷമായിരുന്നു.

ട്രംപിന്റെ ‘എല്ലാവരേക്കാളും മുന്നില്‍ അമേരിക്ക’ എന്ന നയത്തില്‍ നിന്നും വ്യതിചലിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ബൈഡന്‍ സര്‍ക്കാര്‍ എത്തിയതെങ്കിലും വിവിധ മേഖലകളിലെ ചൈനയുമായുള്ള ബന്ധത്തില്‍ കാര്യമായ മാറ്റം വരുത്തിയിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച ഒരുപക്ഷെ അമേരിക്ക-ചൈന ബന്ധത്തില്‍ നേരിയ പുരോഗതിയുണ്ടാക്കിയേക്കാമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍.

നേരത്തെ ബൈഡന്‍ പ്രസിഡന്റായി ചുമതലയേറ്റത്തതിന് പിന്നാലെ ഫെബ്രുവരിയില്‍ ഷി ജിന്‍പിംഗുമായി ഫോണില്‍ രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Biden’s Message To China In First Call With Xi In 7 Months