സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു.
സംവിധാനത്തിന് പുറമെ അഭിനയത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പാല്‍ തൂ ജാന്‍വര്‍, ഹോം, വരനെ ആവശ്യമുണ്ട്, ലവ്, ജോ ആന്‍ഡ് ജോ, ഹൃദയം എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
ജഗതി ശ്രീകുമാറും ഇന്നസെന്റുമൊക്കെ സിനിമയില്‍ പകരക്കാരില്ലാത്ത നടന്മാരാണെന്ന് ജോണി ആന്റണി പറയുന്നു. താന്‍ എന്തൊക്കെ പറഞ്ഞാലും അവര്‍ ചെയ്തുവെച്ച കഥാപാത്രങ്ങളുടെ ഒരു നിഴലാണ് താന്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും അവര്‍ക്ക് പകരക്കാരില്ലെന്നും അദ്ദേഹം പറയുന്നു. ‘എല്ലാവരും പോയി തനിക്കിനി സിനിമ ചെയ്യാന്‍ ഭയമാണെന്ന്’ പ്രിയദര്‍ശന്‍ പറഞ്ഞത് വളരെ സത്യമാണെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.
ചില കഥാപാത്രങ്ങള്‍ അവര്‍ ചെയ്താല്‍ നന്നാകുമെന്ന് തനിക്കുതന്നെ എപ്പോഴും തോന്നാറുണ്ടെന്നും പക്ഷേ ഇപ്പോള്‍ വേറെ മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നസെന്റും ജഗതി ശ്രീകുമാറുമൊക്കെ ചെയ്ത റോളുകള്‍ ജോണി ആന്റണി ചെയ്യുന്നത് കണ്ട് ഇപ്പോള്‍ തൃപ്തിപ്പെടണം എന്ന് ഒരു നിരൂപകന്‍ പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും ജോണി ആന്റണി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മള്‍ ഇനി എത്ര വിചാരിച്ചാലും എന്തൊക്കെ പറഞ്ഞാലും പണ്ട് ലെജന്‍ഡ്‌സ് ചെയ്ത ആ കഥാപാത്രങ്ങളുടെ നിഴലുകള്‍ തന്നെയാണ് എന്നെ പോലെയുള്ളവര്‍ ചെയ്യുന്നത്. അവര്‍ ചെയ്തതിന്റെ അപ്പുറത്തോട്ടോ, ഇപ്പുറത്തോട്ടോ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പ്രിയന്‍ സാര്‍ പറഞ്ഞിരുന്നു ‘ഇനി എനിക്കൊരു സിനിമ എടുക്കാന്‍ ഭയമാണ്. കാരണം എന്റെ ആളുകള്‍ എല്ലാം പോയി’ എന്ന്. സത്യമാണ് അത്. അവര്‍ക്കൊന്നും റീപ്ലേസ്‌മെന്റ് ഇല്ല. പക്ഷേ നമ്മള്‍ അമ്പിളി ചേട്ടനോ, ഇന്നസെന്റ് ചേട്ടനോ ചെയ്ത റോളുകളോ ചെയ്യേണ്ടതായി വരും.
ചെയ്യുമ്പോള്‍ നമുക്കും അറിയാം ഇവരൊക്കെ ചെയ്തിരുന്നെങ്കില്‍ വളരെ നന്നായേനെ എന്ന്. പക്ഷേ വേറെ മാര്‍ഗമില്ല ഞാന്‍ ചെയ്‌തേ പറ്റുകയുള്ളു. ഈയിടെ ഒരു നിരൂപകന്‍ പറഞ്ഞു, പണ്ട് ഇന്നസെന്റ് ചേട്ടനും അമ്പിളി ചേട്ടനുമൊക്കെ ചെയ്ത റോളുകള്‍ ഇപ്പോള്‍ ജോണി ആന്റണിയൊക്കെ ചെയ്ത് കണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണെന്ന്. എന്നാല്‍ പിന്നെ നിരൂപകന് അങ്ങനെ അഭിനയിച്ചുകൂടെ. പക്ഷെ നമ്മുടെ സാധാരണ ഓഡിയന്‍സ് ഇതെല്ലാം കണ്ട് ചിരിക്കുന്നുണ്ട്,’ ജോണി ആന്റണി പറയുന്നു.
Content Highlight: Johnny Antony says that Jagathy Sreekumar and Innocent are irreplaceable actors in cinema.
