കവര്‍ മ്യൂസിക്കുകളില്‍ കുരുങ്ങി കരിയര്‍ നശിപ്പിക്കരുതെന്ന് അദ്ദേഹം; അതെന്റെ വാശിയെ ഉണര്‍ത്തി: ജോബ് കുര്യന്‍
Entertainment
കവര്‍ മ്യൂസിക്കുകളില്‍ കുരുങ്ങി കരിയര്‍ നശിപ്പിക്കരുതെന്ന് അദ്ദേഹം; അതെന്റെ വാശിയെ ഉണര്‍ത്തി: ജോബ് കുര്യന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th June 2025, 4:09 pm

ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് ജോബ് കുര്യന്‍. റിയാലിറ്റി ഷോയിലൂടെ സിനിമാലോകത്തേക്കെത്തിയ ജോബ് ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിലൂടെ ശ്രദ്ധേയനായി. ഇടുക്കി ഗോള്‍ഡിലെ ‘മാണിക്യ ചിറകുള’ എന്ന് തുടങ്ങുന്ന ഗാനവും ഉറുമിയിലെ ‘ആരാന്നെ’ എന്നീ ഗാനവും മലയാളികള്‍ക്ക് മറക്കാനാകാത്ത പാട്ടുകളാണ്. സംഗീതസംവിധായകന്‍ എന്ന നിലയിലും സിനിമയില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ജോബ് കുര്യന് സാധിച്ചിട്ടുണ്ട്.

സംഗീത വഴിയില്‍ തന്നെ സ്വാധീനിച്ചവരെ കുറിച്ച് സംസാരിക്കുകയാണ് ജോബ് കുര്യന്‍. അവസരം തന്നവരെല്ലാം തന്റെ ഗുരുക്കന്‍മാരാണെന്നും ദീപക് ദേവും ബിജിബാലിനോടുമൊക്കെ സ്നേഹവും കടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്വന്തം ക്രിയേറ്റിവിറ്റിയിലും കഴിവിലും വിശ്വാസം അര്‍പ്പിച്ചുള്ള സംഗീതം ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കിയത് റെക്‌സ് വിജയനാണെന്നും ജേബ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

കവര്‍ മ്യൂസിക്കുകളില്‍ കുരുങ്ങി കരിയര്‍ നശിപ്പിക്കരുതെന്നും ഇനിയും അത്തരം പാട്ടുകളാണ് താന്‍ ഒരുക്കുന്നതെങ്കില്‍ വര്‍ക് ചെയ്യാന്‍ വരില്ലെന്നും റെക്‌സ് വിജയന്‍ ഒരിക്കല്‍ പറഞ്ഞുെവന്നും അതാണ് തന്റെ വാശിയെ ഉണര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. വനിതയോട് സംസാരിക്കുകയായിരുന്നു ജോബ് കുര്യന്‍.

‘അവസരം തന്നവരെല്ലാം എനിക്കു ഗുരുക്കന്‍മാരാണ്. ദീപക് ദേവ്, ബിജിബാല്‍ അവരോടൊക്കെ സ്‌നേഹവും കടപ്പാടുമുണ്ട്. പക്ഷേ, സ്വന്തം ക്രിയേറ്റിവിറ്റിയിലും കഴിവിലും വിശ്വാസം അര്‍പ്പിച്ചുള്ള സംഗീതം ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കിയത് റെക്സ് വിജയനാണ്. ‘കാശ് വരും ഫെയിം വരും എന്നു കരുതി കവര്‍ മ്യൂസിക്കുകളില്‍ കുരുങ്ങി കരിയര്‍ നശിപ്പിക്കരുത്’ എന്നു പറഞ്ഞതു റെക്‌സ് ചേട്ടനാണ്.

‘ഇനിയും അത്തരം പാട്ടുകളാണ് നീ ഒരുക്കുന്നതെങ്കില്‍ വര്‍ക് ചെയ്യാന്‍ വരില്ലെന്ന്’ ഒരിക്കല്‍ ചേട്ടന്‍ പറഞ്ഞു. അതെന്റെ വാശിയെ ഉണര്‍ത്തി. ഇന്നു കാണുന്ന നിഴലും പദയാത്രയും ഭാവവും എമ്പ്രാനുമൊക്കെ അങ്ങനെ പിറവി കൊണ്ടതാണ്. ആഗ്രഹങ്ങള്‍ ഇനിയും ബാക്കിയാണ്. കോക്ക് സ്റ്റുഡിയോ പോലെ വലിയ മ്യൂസിക്കല്‍ ബാനറുകളുടെ കീഴില്‍ വര്‍ക് ചെയ്യണമെന്നൊക്കെയുണ്ട്. കാത്തിരിക്കുകയാണു ഞാന്‍,’ ജോബ് കുര്യന്‍ പറയുന്നു.

Content  highlight: Job kurian talks about  Rex vijayan