ന്യൂദൽഹി: മഹാഭാരതത്തിലെ ദ്രൗപതിയെ ‘ആദ്യത്തെ ഫെമിനിസ്റ്റ്’ എന്ന് വിശേഷിപ്പിക്കുകയും ജവാഹർലാൽ നെഹ്റു സർവകലാശാലയെ (ജെ.എൻ.യു) ‘ഭിക്ഷക്കാരൻ’ സർവകലാശാലയെന്ന് വിളിക്കുകയും ചെയ്ത ജെ.എൻ.യു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റിന്റെ പരാമർശങ്ങൾ ചർച്ചയാകുന്നു. ബനാറസ് ഹിന്ദു സർവകലാശാലയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലായിരുന്നു അവരുടെ പ്രതികരണം.
‘ഇന്ത്യൻ ജ്ഞാന പാരമ്പര്യവും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായുടെ ചിന്തയും: ആഗോള കാഴ്ചപ്പാടും സമകാലിക പ്രസക്തിയും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ, ഇന്ത്യൻ സ്ത്രീപക്ഷ ചിന്തയെ പാശ്ചാത്യ ആശയങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തരുതെന്ന് അവർ പറഞ്ഞു.
‘ഫെമിനിസം സിമോൺ ദ ബൊവാറിൽ നിന്നാണ് ആരംഭിച്ചതെന്ന് ഞാൻ കരുതുന്നില്ല. ദ്രൗപതിയുടെ ജീവിതവും അവർ ഭർത്താക്കന്മാരോട് ചോദിച്ച ചോദ്യങ്ങളും സ്ത്രീകളുടെ സ്വാതന്ത്ര്യബോധത്തിന്റെ ഉദാഹരണമാണ്,’ എന്നും അവർ അഭിപ്രായപ്പെട്ടു.
സർവകലാശാലകളുടെ വികസനത്തിന് സാമ്പത്തിക വിഭവങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അവർ, ‘ഞങ്ങൾ ഭിക്ഷക്കാരായതിനാൽ ജെ.എൻ.യുവിൽ വെങ്കടേശ്വര ക്ഷേത്രം കൊണ്ടുവരണമെന്ന് ഞാൻ നിർദേശിച്ചിരുന്നു. അങ്ങനെ ചെയ്താൽ ധാരാളം പണം ലഭിക്കും,’ എന്ന് പറഞ്ഞു.
ചില അക്കാദമിക് വൃത്തങ്ങളിൽ വസ്തുതകളെക്കാൾ വ്യാഖ്യാനങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന പ്രവണതയുണ്ടെന്നും അത് ചരിത്രപഠനത്തെ ബാധിക്കുന്നുവെന്നും അവർ വിമർശിച്ചു.
ജെ.എൻ.യുവിലെ ചരിത്രകാരന്മാർ വസ്തുതകളുടെയും വ്യാഖ്യാനങ്ങളുടെയും ക്രമം തലക്കീഴാക്കിയെന്നും അവർ ആരോപിച്ചു.
ഇന്ത്യൻ ജ്ഞാന പാരമ്പര്യത്തെക്കുറിച്ചുള്ള ഈ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന ദിനത്തിൽ ഹിന്ദു സന്ന്യാസിയായ മിഥിലേശ് നന്ദിനി ശരണിനെയാണ് മുഖ്യാഥിതി ആയി ക്ഷണിച്ചത്.