അസിസ്റ്റന്റ് ഡയറക്ടറായി സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് ജിതിന്‍ ലാല്‍. എന്ന് നിന്റെ മൊയ്ദീനിലൂടെയാണ് ജിതിന്‍ അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകാനും ജിതിന് സാധിച്ചു.
മോഹന്‍ലാലിനൊപ്പം ഒരു പ്രൊജക്ട് ഉണ്ടാകുമെന്നുള്ള സൂചനകള്‍ ജിതിന്‍ ലാല്‍ കഴിഞ്ഞദിവസം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് രണ്ട് വട്ടം ചര്‍ച്ചകള്‍ നടന്നെന്നും പ്രൊജക്ട് നടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞുമാണ് ജിതിന്‍ പോസ്റ്റ് പങ്കുവെച്ചത്. ഈ പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ജിതിന്‍ ലാല്‍.
മോഹന്‍ലാലിനോട് ആരാധന തോന്നുകയും ആദ്യത്തെ സിനിമയില്‍ അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിക്കുകയും ചെയ്യാന്‍ സാധിച്ചത് വലിയ കാര്യമായാണ് താന്‍ കാണുന്നതെന്ന് ജിതിന്‍ ലാല്‍ പറഞ്ഞു. എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറയുന്നത് മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യുമ്പോഴാണെന്നും അതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടന്നതും തനിക്ക് സന്തോഷം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യത്തെ മ്യൂസിക് വീഡിയോയിലും ആദ്യത്തെ സിനിമയിലും മോഹന്‍ലാലിന്റെ ശബ്ദ സാന്നിധ്യമുണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്നും മോഹന്‍ലാലിനോട് സംസാരിച്ചെന്നും ജിതിന്‍ പറയുന്നു. അങ്ങനെ സംഭവിക്കാനുള്ള ഭാഗ്യം തനിക്ക് ഉണ്ടാകട്ടെ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടിയെന്നും ജിതിന്‍ ലാല്‍ പറഞ്ഞു. റേഡിയോ സുനോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലാലേട്ടന്റെ ഒരു ആരാധകനാവുക, ആദ്യത്തെ സിനിമയില്‍ അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിക്കാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണല്ലോ. പക്ഷേ, ലൈഫ് ഡെസ്റ്റിനി എന്ന് പറയുന്നത് അദ്ദേഹത്തെ വെച്ച് ഒരു സിനിമ ചെയ്യുമ്പോഴാണല്ലോ. അതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് തവണ ഡിസ്‌കഷന്‍ കഴിഞ്ഞു. ബാക്കി ഇനി പുറകേ അറിയാന്‍ പറ്റും.
ലാലേട്ടനോട് സംസാരിച്ചിട്ടുണ്ട്. ‘ആദ്യത്തെ മ്യൂസിക് വീഡിയോയിലും പിന്നീട് ചെയ്ത സിനിമയിലും ശബ്ദം ഉപയോഗിച്ചു. ഇനി ലാലേട്ടനെ വെച്ച സിനിമ ചെയ്യണമെന്നാണ് ആഗ്രഹം’ എന്ന് പുള്ളിയോട് പറഞ്ഞു. ‘അങ്ങനെ സംഭവിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാവട്ടെ മോനെ’ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അദ്ദേഹമത് സീരിയസായി പറഞ്ഞതാണ്,’ ജിതിന്‍ ലാല്‍ പറയുന്നു.
Content Highlight: Jithin Laal about his project with Mohanlal