അല്ലു അർജുന്റെ ആര്യ മുതൽ പുഷ്പ 2 വരെ അദ്ദേഹത്തിന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നത് സംവിധായകൻ ജിസ് ജോയ് ആണ്. അല്ലു അർജുൻ എങ്ങനെ മല്ലു അർജുൻ ആയെന്ന് പറയുകയാണ് ജിസ് ജോയ്. ഒരു മാർക്കറ്റും ഇല്ലാതിരുന്ന അല്ലു അർജുനെ മല്ലു അർജുനാക്കിയത് നിർമാതാവ് ഖാദർ ഹസൻ ആണെന്ന് ജിസ് ജോയ് പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു മാർക്കറ്റും ഇല്ലാതിരുന്ന അല്ലു അർജുനെ ഇവിടെ കൊണ്ട് വന്ന് മല്ലു അർജുൻ ആക്കി മാറ്റിയത് ഖാദർ ഹസൻ എന്ന നിർമാതാവിന്റെ വിഷൻ മാത്രമാണ്. അദ്ദേഹം രാജസേനൻ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു. തിരുവനന്തപുരത്ത് ബിസിനസുകാരനാണ്.
അദ്ദേഹം ഹൈദരാബാദിലോ മറ്റോ വെച്ച് അല്ലു അർജുന്റെ ആര്യ എന്ന സിനിമ കണ്ടപ്പോൾ എന്തോ ഒരു സ്പാർക്ക് അടിച്ചിട്ടാണ് ചിത്രം ഇവിടെ കേരളത്തിൽ കൊണ്ടുവരുന്നത്. അപ്പോഴും അല്ലു ആദ്യം അഭിനയിച്ച സിനിമ ആര്യ അല്ല. പലരുടെയും വിചാരം അല്ലു ആദ്യം അഭിനയിച്ച സിനിമ ആര്യയാണ് എന്നാണ്. അല്ലു ആദ്യം അഭിനയിക്കുന്നത് മറ്റേതോ പടമാണ്.
ആര്യ അല്ലു അർജുന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയാണ്. പക്ഷെ കേരളത്തിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമ ആര്യയാണ്. ഗംഗോത്രി ആണെന്ന് തോന്നുന്നു ആള് ആദ്യം അഭിനയിച്ച ചിത്രം. ആ സിനിമ പിന്നീട് സിംഹകുട്ടി എന്ന പേരിൽ മലയാളത്തിൽ ഡബ്ബ് ചെയ്ത് ഇറക്കിയിട്ടുണ്ടായിരുന്നു,’ ജിസ് ജോയി പറയുന്നു.