ഒരാളുപോലും സിനിമ ഓടുമെന്ന് പറഞ്ഞില്ല, ആരും നല്ലത് പറയാത്ത ആ ചിത്രം പക്ഷെ സൂപ്പർ ഹിറ്റായി: ജിസ് ജോയ്
Entertainment
ഒരാളുപോലും സിനിമ ഓടുമെന്ന് പറഞ്ഞില്ല, ആരും നല്ലത് പറയാത്ത ആ ചിത്രം പക്ഷെ സൂപ്പർ ഹിറ്റായി: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th February 2025, 10:23 pm

സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റചിത്രങ്ങളിലൂടെയാണ് ജിസ് ജോയിയുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമായത്.

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ കഴിഞ്ഞ വര്‍ഷത്തെ വിജയ ചിത്രങ്ങളിലൊന്നാണ്. ആദ്യ സിനിമ ബൈസിക്കിൾ തീവ്സ് ആയിരുന്നുവെങ്കിലും രണ്ടാമത്തെ സിനിമയായ സൺ‌ഡേ ഹോളിഡേയിലൂടെയാണ് ജിസ് ജോയ് കൂടുതൽ ശ്രദ്ധ നേടുന്നത്. ആസിഫ് അലിയുടെ കരിയറിലെ വലിയ വിജയങ്ങളിൽ ഒന്നായും സൺ‌ഡേ ഹോളിഡേ മാറി.

എന്നാൽ ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞതിന് ശേഷം സിനിമ പരാജയപ്പെടുമെന്നാണ് എല്ലാവരും പറഞ്ഞതെന്ന് ജിസ് ജോയ് പറയുന്നു. ഒരാൾ പോലും സൺ‌ഡേ ഹോളിഡേ തിയേറ്ററിൽ ഓടുമെന്ന് പറഞ്ഞില്ലെന്നും അതുകൊണ്ട് സിനിമ ഇറങ്ങുന്ന ദിവസം ഒരു പ്രതീക്ഷയും ഇല്ലായിരുന്നുവെന്നും ജിസ് ജോയ് പറയുന്നു. സിനിമയുടെ മ്യൂസിക്ക് ഡയറക്ടർ ദീപക് ദേവിനും തനിക്കും ആദ്യം സിനിമയിൽ നല്ല വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സണ്‍ഡേ ഹോളിഡേയുടെ പ്രിവ്യു എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ ആയിരുന്നു അന്ന് പ്രിവ്യു നടന്നത്. കൂടെ പത്ത് ഇരുപത്തിയഞ്ച് ആളുകള്‍ ഉണ്ടായിരുന്നു.

ആ പ്രിവ്യു കഴിഞ്ഞപ്പോള്‍ എല്ലാവരും എന്നെ വിഷമിപ്പിക്കാത്ത തരത്തില്‍ മാറ്റിനിര്‍ത്തി ആ സിനിമ പൊട്ടുമെന്നാണ് പറഞ്ഞത്. ഒരാളുപോലും ആ സിനിമ ഓടുമെന്ന് പറഞ്ഞിരുന്നില്ല. അന്ന് എല്ലാവരും പോയി കഴിഞ്ഞിട്ടും രണ്ട് മണിക്ക് ഞാനും ദീപക് ദേവും സ്റ്റുഡിയോയില്‍ തന്നെ ഇരുന്നു. നമ്മള്‍ വളരെ പ്രതീക്ഷയോടെ ചെയ്ത പാട്ടുകളും സിനിമയുമാണ്.

രണ്ടുപേര്‍ക്കും ഏറെ പ്രതീക്ഷയുള്ള സിനിമയായിരുന്നു സണ്‍ഡേ ഹോളിഡേ. പക്ഷെ ഒരാളെങ്കിലും അത് നല്ലതാണെന്ന് പറയണ്ടേ. അന്ന് ദീപക് എന്നോട് ഒരു കാര്യം പറഞ്ഞു. അത് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. ‘എടോ, ഈ പടം പൊട്ടികഴിഞ്ഞാല്‍ കുറച്ച് നാളത്തേക്ക് നമ്മള്‍ ഈ പരിപാടി നിര്‍ത്തണം. കാരണം നമ്മുടെ ജഡ്ജ്‌മെന്റില്‍ കാര്യമായ എന്തോ തകരാറുണ്ടെന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്’ എന്നാണ് അവന്‍ പറഞ്ഞത്. അതുകൊണ്ട് ആ സിനിമ തിയേറ്ററില്‍ എത്തുന്ന ദിവസം പോലും പ്രതീക്ഷയുണ്ടായിരുന്നില്ല,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy About Success Of Sunday Holiday Movie