ദുല്‍ഖറിന്റെ ആ സിനിമയില്‍ സ്‌പോര്‍ട്‌സും ഒരു വലിയ പാര്‍ട്ടാണ്, ആലപ്പുഴ ജിംഖാനയെക്കാള്‍ വലിയ പ്രൊജക്ടാണത്: ജിംഷി ഖാലിദ്
Entertainment
ദുല്‍ഖറിന്റെ ആ സിനിമയില്‍ സ്‌പോര്‍ട്‌സും ഒരു വലിയ പാര്‍ട്ടാണ്, ആലപ്പുഴ ജിംഖാനയെക്കാള്‍ വലിയ പ്രൊജക്ടാണത്: ജിംഷി ഖാലിദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th April 2025, 8:54 am

മലയാളത്തിലെ മികച്ച ഛായാഗ്രഹകരിലൊരാളാണ് ജിംഷി ഖാലിദ്. സഹോദരനായ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലാണ് ജിംഷി ആദ്യമായി ക്യാമറ ചലിപ്പിച്ചത്. തുടര്‍ന്ന് കപ്പേള, ഒരുത്തീ, അള്ള് രാമേന്ദ്രന്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ജിംഷി തല്ലുമാലയിലൂടെ കേരളത്തിന് പുറത്തും ശ്രദ്ധ നേടി. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ആലപ്പുഴ ജിംഖാനയുടെ ഛായാഗ്രഹണവും ജിംഷിയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഐം ഗെയിമിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നതും ജിംഷിയാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജിംഷി ഖാലിദ്. സിനിമയുടെ കഥയില്‍ സ്‌പോര്‍ട്‌സും വലിയൊരു ഭാഗമാണെന്ന് ജിംഷി ഖാലിദ് പറഞ്ഞു. ആലപ്പുഴ ജിംഖാനയെക്കാള്‍ വലിയൊരു സ്‌കെയിലിലുള്ള സിനിമയാണ് അതെന്നും രണ്ടും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട സിനിമയായതുകൊണ്ടാണ് ഈ താരതമ്യമെന്നും ജിംഷി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ ജിംഖാന വളരെ ലൈറ്റ് ഹാര്‍ട്ടഡാണെന്ന് ജിംഷി പറഞ്ഞു. ഈ സിനിമയിലെ കോണ്‍ഫ്‌ളിക്ടുകള്‍ക്ക് അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെയത്ര ഡെപ്തില്ലെന്നും ഒരുകൂട്ടം ചെറുപ്പക്കാര്‍ ബോക്‌സിങ് പഠിക്കാന്‍ പോകുന്നതിനെ സിംപിളായി കാണിച്ച സിനിമയാണെന്നും ജിംഷി ഖാലിദ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നഹാസിന്റെ സിനിമക്ക് വലിയ ഡെപ്തും സ്‌ട്രോങ്ങായിട്ടുള്ള മറ്റ് ഏരിയകളും ഉണ്ടെന്നും ജിംഷി ഖാലിദ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജിംഷി ഖാലിദ്.

‘ ഐം ഗെയിം എന്ന പടത്തിന്റെ കഥയില്‍ സ്‌പോര്‍ട്‌സിന് വലിയൊരു ഇംപോര്‍ട്ടന്‍സുണ്ട്. ആലപ്പുഴ ജിംഖാനയിലും സ്‌പോര്‍ട്‌സ് ഒരു ഭാഗമാണ്. പക്ഷേ ആലപ്പുഴ ജിംഖാനയെക്കാള്‍ ഐം ഗെയിമിന്റെ സ്‌കെയില്‍ വളരെ വലുതാണ്. രണ്ട് പടങ്ങളും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടതുകൊണ്ടാണ് ഈ കമ്പാരിസണ്‍ ഞാന്‍ നടത്തിയത്.

അല്ലാതെ നോക്കിയാല്‍ ആലപ്പുഴ ജിംഖാന വളരെ ലൈറ്റ് ഹാര്‍ട്ടഡാണ്. ഈ പടത്തിലെ കോണ്‍ഫ്‌ളിക്ടുകള്‍ക്ക് അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെയത്ര ഡെപ്ത് ഇല്ല. ഇതില്‍ ഓരോരുത്തര്‍ പിണങ്ങുന്നത് പോലും സിമ്പിളായിട്ടുള്ള കാര്യത്തിനൊക്കെയാണ്. ഒരു കൂട്ടം പിള്ളേര്‍ ബോക്‌സിങ് പഠിക്കാന്‍ പോകുന്നതും അതില്‍ നിന്ന് അവര്‍ക്ക് കിട്ടുന്ന ടേക്ക് എവേയുമാണ് കാണിക്കുന്നത്. നഹാസിന്റെ പടം അങ്ങനെയല്ല. അത് വേറെ ലെവലാണ്,’ ജിംഷി ഖാലിദ് പറഞ്ഞു.

വിഷു റിലീസുകളില്‍ മികച്ച മുന്നേറ്റമാണ് ആലപ്പുഴ ജിംഖാന നടത്തുന്നത്. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ബസൂക്കയെ ഇതിനോടകം ആലപ്പുഴ ജിംഖാന കളക്ഷനില്‍ പിന്നിലാക്കിക്കഴിഞ്ഞു. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്‌ലെന്‍, ലുക്ക്മാന്‍ അവറാന്‍, ഗണപതി, അനഘ, ബേബി ജീന്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്.

Content Highlight: Jimshi Khalid saying Dulquer Salmaan’s I’m Game movie is a sports genre film