'ഒരു ആണ് പ്രതികാരത്തിനിറങ്ങുന്നതിനേക്കാൾ അപകടകരമാണ്, ഒരു പെണ്ണിറങ്ങുമ്പോൾ'; ദൃശ്യത്തിലെ ഗീത പ്രഭാകറിനെ കുറിച്ച് ജീത്തു ജോസഫ്
Malayalam Cinema
'ഒരു ആണ് പ്രതികാരത്തിനിറങ്ങുന്നതിനേക്കാൾ അപകടകരമാണ്, ഒരു പെണ്ണിറങ്ങുമ്പോൾ'; ദൃശ്യത്തിലെ ഗീത പ്രഭാകറിനെ കുറിച്ച് ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th May 2026, 9:54 pm

തങ്ങളുടെ മക്കൾക്കു വേണ്ടി പോരാടുന്ന രണ്ട്‌ അച്ഛനമ്മമാരുടെ കഥയാണ് ദൃശ്യം. ചിത്രത്തിന്റെ മൂന്നാം ഭാഗം വീണ്ടുമെത്തുമ്പോൾ ആർക്കാണ് നീതി ലഭിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ദൃശ്യം ആരാധകർ.

ചിത്രത്തിൽ തന്റെ മകനെ കണ്ടെത്താൻ ശ്രമിക്കുന്ന ഒരു അമ്മയെയും,അപ്പുറത്ത് തന്റെ മകളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന മറ്റൊരമ്മയെയുമാണ് ജീത്തു ജോസഫ് അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരും മക്കൾക്കു വേണ്ടി അവരുടേതായ രീതിയിൽ അവസരോചിതമായി സ്വയം മാറുന്നു.

ആശാ ശരത് ചിത്രത്തില്‍. Photo: IMDB

തന്റെ മകനെ കണ്ടെത്താൻ കഴിയാത്ത ഒരമ്മയുടെ നിസ്സഹായാവസ്ഥ ഗീത പ്രഭാകറിനെ എത്തിക്കുന്നത് ഒരുതരം വൈരാഗ്യ ബുദ്ധിയിലേക്കാണെന്ന് സംവിധായകൻ ജിത്തു ജോസഫ് വെളിപ്പെടുത്തുന്നു. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ജിത്തു ജോസഫ്, മീന, ആശ ശരത് എന്നിവർ പങ്കെടുത്ത പ്രത്യേക ചർച്ചയിലായിരുന്നു ദൃശ്യത്തിലെ ഈ കഥാപാത്ര മാറ്റത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.

ദൃശ്യം എന്ന സിനിമ അടിസ്ഥാനപരമായി മക്കൾക്ക് വേണ്ടി പോരാടുന്ന രണ്ട് അമ്മമാരുടെ കഥയാണ്. ഐ.പി.എസ് ഉദ്യോഗസ്ഥയായ ഗീത പ്രഭാകറും, സാധാരണക്കാരിയായ റാണിയും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്നവരാണ്.

‘ഗീത പ്രഭാകർ ഔദ്യോഗിക ജീവിതത്തിലെ സമ്മർദ്ദങ്ങൾക്കിടയിലും മകനെ അതിരറ്റ് സ്നേഹിച്ച ഒരമ്മയാണ്. മകനെ കാണാതാകുന്നതോടെ, ഒരു പൊലീസ് ഓഫീസർ എന്നതിലുപരി പ്രതികാരബുദ്ധിയുള്ള ഒരമ്മയായി അവർ മാറുന്നു. ഒരു പുരുഷനേക്കാൾ തീവ്രമായ പ്രതികാര മനോഭാവത്തിലേക്ക്‌ ഒരു സ്ത്രീക്ക് എത്താൻ കഴിയുമെന്ന് ഈ കഥാപാത്രം തെളിയിക്കുന്നു.

റാണി വീടിന്റെ പരിമിതികൾക്കുള്ളിൽ ജീവിക്കുന്ന നിഷ്കളങ്കയായ ഒരു വീട്ടമ്മയാണ്. എന്നാൽ തന്റെ മകൾ ഒരു പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ, കുടുംബത്തെ സംരക്ഷിക്കാൻ അവർ അസാധ്യമായ കരുത്തോടെ വേറെ ഒരു തലത്തിലേക്ക് ഉയരുന്നു.’ജീത്തു ജോസഫ് പറയുന്നു.

ദൃശ്യം. Photo: IMDB

രണ്ട് വ്യത്യസ്ത സാമൂഹിക തലത്തിലുള്ള അമ്മമാർ തങ്ങളുടെ മക്കൾക്കായി നടത്തുന്ന ഈ പോരാട്ടത്തെ വെല്ലുവിളിയോടെ അവതരിപ്പിക്കാനായതാണ് ദൃശ്യത്തിന്റെ വിജയം. മക്കൾക്ക് വേണ്ടി പോരാടുന്ന രണ്ട് അമ്മമാരുടെ കഥ പറയുന്ന ‘ദൃശ്യം’ മൂന്നാം ഭാഗത്തിലേക്ക് കടക്കുമ്പോൾ, ഗീത പ്രഭാകറിലെ ഈ പ്രതികാര ചിന്തകൾ കഥയെ എങ്ങോട്ട് നയിക്കുമെന്ന ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

Content Highlight: Jeethu Joseph talks about Lady characters in Drishyam