മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച സംവിധായനാണ് ജീത്തു ജോസഫ്. ആദ്യ ചിത്രമായ ഡിറ്റക്ടീവ് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ലെങ്കിലും മികച്ച ത്രില്ലറായിരുന്നു. പിന്നീട് പൃഥ്വിരാജിനെ നായകനാക്കി മെമ്മറീസ് ചെയ്ത ജീത്തു ജോസഫ് മോഹന്‍ലാലിനെ വെച്ച് ചെയ്ത ദൃശ്യം ഭാഷാതിര്‍ത്തികള്‍ ഭേദിച്ച് വന്‍ വിജയമായി മാറി.
മോഹന്‍ലാലിനെ നായകനാക്കി ഒരുപിടി മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. മോഹന്‍ലാലിനെപ്പോലെ തനിക്ക് കൂടെ വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ള നടനാണ് ആസിഫ് അലിയെന്ന് പറയുകയാണ് ജീത്തു ജോസഫ്. കൂമന്‍ എന്ന ചിത്രത്തിലാണ് ആസിഫിനൊപ്പം ആദ്യമായി വര്‍ക്ക് ചെയ്തതെന്ന് ജീത്തു ജോസഫ് പറഞ്ഞു.
ആസിഫിനെക്കുറിച്ച് മുമ്പ് പല കഥകളും കേട്ടിട്ടുണ്ടെങ്കിലും അതൊന്നും സത്യമല്ലെന്ന് ആ സിനിമയുടെ സമയത്ത് മനസിലായെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്യുന്നത് താന്‍ ഒരുപാട് എന്‍ജോയ് ചെയ്യാറുണ്ടെന്നും സംവിധായകന്റെ ആവശ്യം മനസിലാക്കി അതിനനുസരിച്ച് പെര്‍ഫോം ചെയ്യുന്ന ഡയറക്ടേഴ്‌സ് ആക്ടറാണ് മോഹന്‍ലാലെന്നും ജീത്തു ജോസഫ് പറഞ്ഞു.
ആസിഫ് അലിയും അത്തരത്തില്‍ ഡയറക്ടേഴ്‌സ് ആക്ടറാണെന്നും അയാളോടൊപ്പം വീണ്ടും വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. ആസിഫിന് അത്തരത്തില്‍ ഒരു കഥ പലപ്പോഴായി ആലോചിച്ചിരുന്നെന്നും ഈയടുത്ത് അത്തരത്തിലൊരു കഥ തനിക്ക് കിട്ടിയെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. അധികം വൈകാതെ ആ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു. രേഖാചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.
‘ആസിഫിന്റെ കൂടെ ഞാന്‍ ആദ്യം വര്‍ക്ക് ചെയ്ത സിനിമയാണ് കൂമന്‍. ആ സിനിമക്ക് ആസിഫിനെക്കുറിച്ച് പല കഥകളും കേട്ടിട്ടുണ്ടെങ്കിലും അതൊന്നും സത്യമല്ലെന്ന് മനസിലായി. ലാലേട്ടനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തിട്ടുള്ള ആളാണ് ഞാന്‍. ഒരു ഡയറക്ടര്‍ക്ക് എന്താണോ വേണ്ടത് അത് കൃത്യമായി തരുന്ന ആളാണ് ലാല്‍ സാര്‍. ഡയറക്ടേഴ്‌സ് ആക്ടറെന്നൊക്കെ നമ്മള്‍ അദ്ദേഹത്തെ വിളിക്കാറുണ്ട്. ആസിഫും അതുപോലെ ഡയറക്ടേഴ്‌സ് ആക്ടറാണ്.
അയാളുടെ കൂടെ വീണ്ടും വര്‍ക്ക് ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. ആസിഫിന് വേണ്ടി ഒരു കഥ പലപ്പോഴായി ആലോചിക്കാറുണ്ടായിരുന്നു. അപ്പോഴാണ് അര്‍ഫാസ് അയൂബ് ഒരു കഥ കൊണ്ടുവന്നത്. ആസിഫിനെ വെച്ച് ചെയ്യാന്‍ പറ്റുന്ന കഥയാണ് അത്. അധികം വൈകാതെ ആ പ്രൊജക്ടിലേക്ക് കടക്കാന്‍ കഴിയുമെന്ന് കരുതുന്നു,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph says Asif Ali is director’s actor like Mohanlal