ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ഇടയില്‍ അവര്‍ രണ്ട് പേരും; 'വലതുവശത്തെ കള്ളന്‍' റിലീസ് തീയതി പുറത്ത്
Malayalam Cinema
ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ഇടയില്‍ അവര്‍ രണ്ട് പേരും; 'വലതുവശത്തെ കള്ളന്‍' റിലീസ് തീയതി പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd December 2025, 7:41 pm

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ബിജു മേനോനും ജോജു ജോര്‍ജും പ്രധാനവേഷങ്ങളിലെത്തുന്ന വലതുവശത്തെ കള്ളന്റെ റിലീസ് തീയതി പുറത്ത്. ചിത്രത്തിന്റേതായി പുറത്ത് വന്ന മോഷന്‍ വീഡിയോയിലാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുണ്ട വെളിച്ചത്തില്‍ ഇരുവശങ്ങളിലായി ഇരിക്കുന്ന ജോജുവിനെയും ബിജു മേനോനെയുമാണ് വീഡിയോയില്‍ കാണിക്കുന്നത്.

ഡിനു തോമസ് ഇലന്‍ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രം ജനുവരി 30 ന് തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്‌റ്റോറീസ് എന്നിവയുടെ ബാനറില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിതരണം.

ഏറെ ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ഒരു കുറ്റാന്വേഷണ ചിത്രമാകും വലതുവശത്തെ കള്ളന്‍ എന്നാണ് സൂചന. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’എന്ന ടാഗ് ലൈനോടെ പുറത്ത് വന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചി, വണ്ടിപെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.

പ്രശാന്ത് നായരാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സതീഷ് കുറുപ്പ് എഡിറ്റിങ് കൈകാര്യം ചെയ്യുന്ന സിനിമക്ക് സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു ശ്യാമാണ്. ജീത്തു ജോസഫ് ചിത്രം എന്നത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ വലതുവശത്തെ കള്ളനായി കാത്തിരിക്കുന്നത്.

അതേസമയം ആസിഫ് അലിയെ നായകനായെത്തിയ മിറാഷാണ് ജീത്തുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

Content Highlight: Jeethu Joseph’s  film, starring Biju Menon and Joju George in lead roles, has been announced