കര്‍ണാടകത്തിലെ 15 നിയോജക മണ്ഡലങ്ങളിലേക്കാണ് ഡിസംബര്‍ 5ന് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെയും ജനതാദള്‍ എസിന്റെയും എം.എല്‍.എമാരായിരുന്നവര്‍ ബി.ജെ.പിക്ക് വേണ്ടി നടത്തിയ നീക്കത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ എം.എല്‍.എമാരുടെ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് യെദിയൂരപ്പ മുഖ്യമന്ത്രിയായി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
തങ്ങളെ വഞ്ചിച്ചു കൊണ്ട് സംസ്ഥാനത്ത് ബി.ജെ.പിയെ അധികാരത്തിലേറ്റിയവര്‍ എന്ന നിലപാടാണ് കോണ്‍ഗ്രസിനും ജനതാദളിനും ഇവരോടുള്ളത്. വിമതരെ തന്നെയാണ് ബി.ജെ.പി ഈ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. അത് കൊണ്ട് തന്നെ എന്ത് വിലകൊടുത്തും ഇവരെ തോല്‍പ്പിക്കണം എന്ന നിലപാടാണ് ജനതാദള്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്. നാല് മണ്ഡലങ്ങളിലൊഴികെ ജനതാദള്‍ ബാക്കിയെല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത് എന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കെ.ആര്‍ പേട്ട്, യശ്വന്ത്പുര, ചിക്കബല്ലാപുര, ബി.ജെ.പി വിമതന്‍ മത്സരിക്കുന്ന ഹോസക്കോട്ടെ എന്നീ മണ്ഡലങ്ങളില്‍ ഒഴികെയുള്ള 11 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന് ജനതാദള്‍ എസ് വോട്ടുകള്‍ മറിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
”ഞങ്ങള്‍ക്ക് ശക്തരായ സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളിലും ജാതി സമവാക്യങ്ങള്‍ ഞങ്ങള്‍ക്ക് എതിരായ മണ്ഡലങ്ങളിലും ഞങ്ങളുടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാണ് പിന്തുണച്ചത്. അതിനേക്കാള്‍, കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിച്ചവരാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍, പാര്‍ട്ടി നേതൃത്വം അവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് തീരുമാനിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു”- ഒരു മുതിര്‍ന്ന ജനതാദള്‍ എസ് നേതാവ് പറഞ്ഞു.
ജനതാദള്‍ ശക്തികേന്ദ്രമായ പഴയ മൈസൂര്‍ മേഖലയില്‍ വോട്ട് മറിച്ച ചരിത്രം ജനതാദളിനുണ്ട്. 10 ലക്ഷം വോട്ടര്‍മാരുള്ള ഒരു ലോക്‌സഭ മണ്ഡലത്തേക്കാള്‍ വോട്ട് മറിക്കുന്നതിന് ശ്രമകരമാണെങ്കില്‍ 2 ലക്ഷം വോട്ടുള്ള ഒരു നിയോജക മണ്ഡലത്തില്‍ വോട്ട് മറിക്കുന്നത് വിഷമമുള്ള കാര്യമല്ലെന്ന് മറ്റൊരു പാര്‍ട്ടി നേതാവ് പറഞ്ഞു.