അമ്മുക്കുട്ടിക്ക് ടോം ആന്‍ഡ് ജെറി കാണാന്‍ ഫോണില്ല, ഫോണ്‍ തിരിച്ചുവേണം; പൊലീസിനോട് പി.സി. ജോര്‍ജ്
Kerala News
അമ്മുക്കുട്ടിക്ക് ടോം ആന്‍ഡ് ജെറി കാണാന്‍ ഫോണില്ല, ഫോണ്‍ തിരിച്ചുവേണം; പൊലീസിനോട് പി.സി. ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th September 2022, 7:38 pm

കോട്ടയം: വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ട് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. ആറ് വയസുകാരിയായ തന്റെ കൊച്ചുമകള്‍ അമ്മുക്കുട്ടിക്ക് കളിക്കാന്‍ ഫോണില്ലെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പരാതിയുന്നയിച്ചു.

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള വിവാദത്തില്‍ വാര്‍ത്താസമ്മേളം നടത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പ്രതിയായ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ജോര്‍ജിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഡിവൈസുകളും അന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പി.സി. ജോര്‍ജിന്റെ മറുപടി.

”ഞാനൊന്നും മോഷ്ടിച്ചും പിടിച്ചുപറിച്ചും കൊണ്ട് വെച്ചിട്ടില്ല. പിന്നെ അവര്‍ എന്താണ് പരിശോധിക്കുന്നത്. എന്തൊരു മര്യാദകേടാണെന്ന് ആലോചിച്ചു നോക്കിക്കേ.

ഷോണ്‍ ജോര്‍ജിന്റെ മകള്‍ അമ്മുക്കുട്ടിയുടെ ഫോണ്‍ ഉള്‍പ്പെടെ പൊലീസ് കൊണ്ടുപോയി. അമ്മുക്കുട്ടി ഇപ്പോള്‍ ടോം ആന്‍ഡ് ജെറി കാണുന്നത് തന്റെ ഫോണിലാണ്. തന്റെ ഫോണ്‍ നല്‍കിയാണ് കുട്ടിയെ ആശ്വസിപ്പിക്കുന്നത്.

ആറ് വയസുതികയുകയാണ് അമ്മുക്കുട്ടിക്ക്. അവള്‍ കളിക്കുന്ന ആ ഫോണ്‍ എടുത്തുകൊണ്ടുപോയി. എന്തൊരു വൃത്തികെട്ടവന്മാരാ. മര്യാദ കാണിക്കണ്ടേ. ഇതുവരെ തന്നിട്ടില്ല. ഇപ്പോ കൊച്ച് രാവിലെ എണീക്കുമ്പോള്‍ എന്റെ ഫോണ്‍ കൊടുത്തേക്കുവാ.

അവളുടെ കളിയിപ്പോ അതിലാ. മനസാക്ഷിയില്ലാത്ത, നീചപ്രവര്‍ത്തനം ചെയ്യാന്‍ മടിയില്ലാത്തവനാണ് പിണറായി,’ പി.സി. ജോര്‍ജ് പറഞ്ഞു.

തന്റെ വീട്ടില്‍ ബിരിയാണിച്ചെമ്പൊന്നും ഇല്ലെന്നും ചെമ്പ് ഉണ്ടെന്നും അത് കാര്‍ന്നോന്മാര്‍ തന്ന സ്വത്താണെന്നും ജോര്‍ജ് പറഞ്ഞു.