ഒരുത്തന്‍ മാന്ത്രിക വടി കൊണ്ട് അനുഗ്രഹിക്കപ്പെട്ടവനും മറ്റൊരുത്തന്‍ ഒരു മൃഗവും; മെസി-ക്രിസ്റ്റ്യാനോ തര്‍ക്കത്തില്‍ മറഡോണയുടെ വാക്കുകള്‍; ഇതിലും മികച്ചതായി ഇവരെ വര്‍ണിക്കാന്‍ ആര്‍ക്കുമാകില്ല
Football
ഒരുത്തന്‍ മാന്ത്രിക വടി കൊണ്ട് അനുഗ്രഹിക്കപ്പെട്ടവനും മറ്റൊരുത്തന്‍ ഒരു മൃഗവും; മെസി-ക്രിസ്റ്റ്യാനോ തര്‍ക്കത്തില്‍ മറഡോണയുടെ വാക്കുകള്‍; ഇതിലും മികച്ചതായി ഇവരെ വര്‍ണിക്കാന്‍ ആര്‍ക്കുമാകില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th September 2022, 4:53 pm

മോഡേണ്‍ ഡേ ഫുട്‌ബോളില്‍ അന്നും ഇന്നും എന്നും തര്‍ക്കം നടക്കുന്ന വിഷയമാണ് മെസിയാണോ റൊണാള്‍ഡോ ആണോ മികച്ച താരമെന്നത്. പല ഇതിഹാസ താരങ്ങളും അവരുടേതായ അഭിപ്രായങ്ങള്‍ പങ്കുവെച്ചിട്ടുമുണ്ട്.

ലോകം കണ്ട എക്കാലത്തേയും ദി ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന താരങ്ങളാണ് സാക്ഷാല്‍ പെലെയും മറഡോണയും.

പെലയുടെ അഭിപ്രായത്തില്‍ റൊണാള്‍ഡോ ആണ് മെസിയേക്കാള്‍ മികച്ചവന്‍. എന്നാല്‍ മറഡോണയാകട്ടെ തന്റെ പിന്‍ഗാമിയെ ആണ് മികച്ചവനായി വിലയിരുത്തുന്നത്. അദ്ദേഹം അത് വിശദീകരിക്കുന്ന രീതിയും രസകരമാണ്.

മെസിയെ മികച്ച താരമായി വിലയിരുത്തുമ്പോഴും റൊണാള്‍ഡോയെ അദ്ദേഹം തഴയുന്നില്ല. റൊണാള്‍ഡോയുടെ എണ്ണം പറഞ്ഞ ഗോളുകള്‍ കാണുമ്പോള്‍ തനിക്ക് അര്‍ജന്റൈന്‍ ഇതിഹാസം ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയെ ആണ് ഓര്‍മ വരുന്നതെന്നാണ് മറഡോണ പറഞ്ഞത്.

 

‘ഞാന്‍ മെസിയെ ആണ് റൊണാള്‍ഡോയേക്കാളേറെ ഇഷ്ടപ്പെടുന്നത്. രണ്ടാമനെ ഒരു മൃഗമായി ഞാന്‍ അംഗീകരിക്കുന്നു (I acknowledge that the latter is an animal).

അവന്‍ ഒരു അര്‍ജന്റൈന്‍ താരമാവണമെന്ന് ഞാന്‍ പലപ്പോഴായി ആഗ്രഹിച്ചിരുന്നു. അവന്റെ പ്രകടനം അവിശ്വസിനീയമാണ്. അവനെ കാണുമ്പോള്‍ എനിക്ക് ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയെ ആണ് ഓര്‍മ വരുന്നത്. അവന്‍ ബോള്‍ തൊടുന്ന നിമിഷം തന്നെ അത് ഗോളായി മാറുന്നു.

ഞാന്‍ കണ്ട കുറച്ചു താരങ്ങളില്‍ ഏറ്റവും മികച്ചവര്‍ ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ, യോഹാന്‍ ക്രൈഫ്, മെസി, റൊണാള്‍ഡോ എന്നിവരാണ്,’ മറഡോണ പറഞ്ഞതായി സ്‌പോര്‍ട്‌സ് ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെസി ഒരിക്കല്‍ പോലും മോശമായി കളിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും മെസി ഒരു അര്‍ജന്റീനക്കാരന്‍ ആയതില്‍ തങ്ങള്‍ ഓരോ അര്‍ജന്റീനക്കാരും അഭിമാനിക്കുന്നുവെന്നുമാണ് ലിയോയെ കുറിച്ച് മറഡോണയുടെ അഭിപ്രായം.

‘മെസി മോശമായി കളിച്ച ഒരു മത്സരം പോലും എനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.

ചില താരങ്ങള്‍ മാന്ത്രിക വടി കൊണ്ട് തൊട്ട് അനുഗ്രഹിക്കപ്പെട്ടവരാണ്, മെസി ഒരു അര്‍ജന്റീനക്കാരനായതില്‍ ഞങ്ങള്‍ അര്‍ജന്റീനക്കാര്‍ ഒന്നടങ്കം അഭിമാനിക്കുന്നു.

മറ്റവന്‍ ശരിക്കും ഒരു മൃഗം തന്നെയാണ്. റൊണാള്‍ഡോ പവറിന്റെ പര്യായമാണ്. റൊണാള്‍ഡോ ഒരു മാന്ത്രികനാണ്,’ മറഡോണ പറഞ്ഞു.

 

ലോകം മികച്ച താരങ്ങളാണെന്ന് അംഗീകരിക്കുമ്പോഴും ഇരുവര്‍ക്കും ഒരു ലോകകപ്പ് പോലും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 2022 ഖത്തര്‍ ലോകകപ്പ് ഇരുവരുടെയും അവസാനത്തെ ലോകകപ്പായി വിലയിരുത്തപ്പെടവെ ഇരുവരില്‍ ഒരാള്‍ ലോകകപ്പ് ഉയര്‍ത്തണമെന്നാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആഗ്രഹിക്കുന്നത്.

 

Content Highlight: What Maradona said about Messi and Ronaldo.