പെരിയാറിന്റെ പേരില്‍ ഹോട്ടല്‍; തമിഴ്‌നാട്ടില്‍ പ്രാദേശിക ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ഹിന്ദുമുന്നണി; ഹര്‍ത്താല്‍ ദിനത്തില്‍ ഹോട്ടല്‍ തുറന്ന് ഡി.എം.കെ
national news
പെരിയാറിന്റെ പേരില്‍ ഹോട്ടല്‍; തമിഴ്‌നാട്ടില്‍ പ്രാദേശിക ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ഹിന്ദുമുന്നണി; ഹര്‍ത്താല്‍ ദിനത്തില്‍ ഹോട്ടല്‍ തുറന്ന് ഡി.എം.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th September 2022, 5:45 pm

ചെന്നൈ: സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പേരില്‍ ഹോട്ടല്‍ തുറക്കുന്നതിനെതിരായി ഹര്‍ത്താല്‍ നടത്തി ഹിന്ദു മുന്നണി. ഇന്നലെയാണ് ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ഹിന്ദു മുന്നണി തമിഴ്‌നാട്ടിലെ കാരമട, മാട്ടുപ്പാളയം പ്രദേശങ്ങളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്.

പെരിയാറിന്റെ പേരില്‍ ആര്‍ക്കും സ്ഥാപനം തുടങ്ങാനുള്ള അവകാശമില്ലെന്നാണ് ഇവരുടെ ഭീഷണി. കഴിഞ്ഞ ആഴ്ച പെരിയാറിന്റെ പേരില്‍ തുടങ്ങാനിരുന്ന ഈ ഹോട്ടല്‍ തകര്‍ത്ത ഹിന്ദു മുന്നണി പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലെ പ്രതികളെ വെറുതെവിടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഹര്‍ത്താല്‍ ദിവസം തുടങ്ങാന്‍ അനുവധിക്കില്ലെന്ന് ആഹ്വാനം ചെയ്ത കട ഇന്ന് തുറന്നുപ്രവര്‍ത്തിക്കുകയാണ്. ഹിന്ദു മുന്നണി ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അവിടുത്തെ പ്രാദേശിക ഡി.എം.ക്കെയും പൊലീസും കട തുറക്കാനുള്ള പിന്തുണ നല്‍കിയിരുന്നു. ഹര്‍ത്താല്‍ ദിവസമായ ഇന്ന് പകുതിയോളം കടകളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഹോട്ടല്‍ ഉടമകളായ നാഗറാണി(38), മകന്‍ അരുണ്‍(21) എന്നിവരെ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ നേരത്തെ ക്രൂരമായി മര്‍ദിച്ചിരുന്നു.

സംഭവത്തില്‍ ആറ് ഹിന്ദുമുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നത്. ചിക്കാരംപാളയം കളട്ടിയൂര്‍ രവി ഭാരതി, കാരമട ഗാന്ധിമൈതാനം സ്വദേശി പ്രഭു, തൊട്ടിപാളയം സ്വദേശി സുനില്‍, പെരിയ വടവള്ളി സ്വദേശി ശരവണകുമാര്‍, മംഗളക്കര പുതുര്‍ സ്വദേശി വിജയകുമാര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയിരുന്നത്.

കോയമ്പത്തൂര്‍ കാരമട കണ്ണാര്‍പാളയം നാല്‍റോഡില്‍ ആരംഭിച്ച ‘തന്തൈ പെരിയാര്‍ ഉണവകം’ എന്ന പേരിലുള്ള ഹോട്ടലാണ് തീവ്ര ഹിന്ദുത്വവാദികള്‍ ഉദ്ഘാടന ദിവസത്തിന്റെ തലേന്നെത്തി തകര്‍ത്തത്. സുഹൃത്തായ അരുണിനും അമ്മയ്ക്കും വേണ്ടി, പെരിയാര്‍ അനുയായിയായ പ്രഭാകരന്‍ തുടങ്ങിയതാണ് ഹോട്ടല്‍.

സംഭവത്തില്‍ കാരമടയില്‍ ഇടതുപക്ഷ അനുകൂല സംഘടനകള്‍ നടത്താനിരുന്ന സമരം പൊലീസ് അഭ്യര്‍ത്ഥന മാനിച്ച് നേരത്തെ മാറ്റിവെച്ചിരുന്നു.