ചില മത സംഘടനകളെ തിരിച്ചടിക്കാനുള്ള ശേഷി ജമാഅത്തിനുണ്ട്; വിവാദം കോഴിക്കോട് കേന്ദ്രീകരിച്ചുള്ള തിരക്കഥ: പി. മുജീബ് റഹ്മാൻ
national news
ചില മത സംഘടനകളെ തിരിച്ചടിക്കാനുള്ള ശേഷി ജമാഅത്തിനുണ്ട്; വിവാദം കോഴിക്കോട് കേന്ദ്രീകരിച്ചുള്ള തിരക്കഥ: പി. മുജീബ് റഹ്മാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th February 2023, 6:31 pm

കോഴിക്കോട്: ജമാഅത്തെ ഇസ് ലാമി ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ നടക്കുന്ന വിമർശനങ്ങൾക്ക് പ്രതികരണവുമായി ജമാഅത്തെ ഇസ് ലാമി അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ. മുസ്‌ലിം സംഘടനകളും ആർ.എസ്.എസ്സും നടത്തിയ ചർച്ചയെ ജമാഅത്തെ ഇസ്‌ലാമി – ആർ.എസ്.എസ് ചർച്ചയാക്കി ചിത്രീകരിച്ചതിന്റെ രാഷ്ട്രീയം വ്യക്തമായി മനസിലായെന്നും പരസ്പരം യുദ്ധം ചെയ്യേണ്ട സമയം അല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“മുസ്‌ലിം സംഘടനകളും ആർ.എസ്.എസ്സും നടത്തിയ ചർച്ചയെ ജമാഅത്തെ ഇസ്‌ലാമി – ആർ.എസ്.എസ് ചർച്ചയാക്കി ചിത്രീകരിച്ച് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ചില മീഡിയകളും ഏതാനും ചില മത സംഘടനാ നേതാക്കളും ഒറ്റക്കെട്ടായി നടത്തുന്ന ആക്രമണത്തിന്റെ പിന്നിലെ രാഷ്ട്രീയം ജമാഅത്തെ ഇസ്‌ലാമിക്ക് നന്നായി
മനസ്സിലാകുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണ്, നിഗൂഢ പ്രസ്ഥാനമാണ്, സമുദായ വഞ്ചകരാണ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് കടലാസ് സംഘടനയാണ്, ജമാഅത്തെ ഇസ്‌ലാമി പിരിച്ചു വിടണം തുടങ്ങിയ തീർപ്പുകളാണ് വിചാരണക്ക് ശേഷം ചില മത സംഘടനാ നേതാക്കളുടെ ഭാഗത്ത് നിന്നും വന്നിരിക്കുന്നത്.

ഡൽഹിയിൽ നടന്നതെന്തെന്ന് കൃത്യമായി വിശദീകരിക്കപ്പെട്ടതിന് ശേഷവും ഈ കടന്നാക്രമണം തുടരുക തന്നെയാണ്.

ഞങ്ങൾക്കതിൽ ഒരു മതസംഘടനയോടും യാതൊരു വിരോധവുമില്ല. ഇതിനെല്ലാം അതേ നാണയത്തിൽ ഇതിനേക്കാൾ നന്നായി പ്രതികരിക്കാനുള്ള ശേഷിയും സംവിധാനങ്ങളും ജമാഅത്തെ ഇസ്‌ലാമിക്കുണ്ടെന്ന് എല്ലാവർക്കുമറിയാം.

പക്ഷെ, ഞങ്ങളീ വിഷയത്തിൽ മതസംഘടനകളോട് കലഹിക്കാനില്ല. കാരണം, മുസ്‌ലിം മത സംഘടനകൾ പരസ്പരം യുദ്ധം ചെയ്യേണ്ട സമയമല്ലിതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതുപോലെ കോഴിക്കോട് കേന്ദ്രീകരിച്ച് ചില തൽപരകക്ഷികൾ രൂപപ്പെടുത്തിയ തിരക്കഥയുടെ ഭാഗമാകേണ്ടതില്ലായെന്നും,” മുജീബ് റഹ്മാൻ പറഞ്ഞു.

ജനുവരി 14ന് ന്യൂദൽഹിയിൽ വെച്ചാണ് ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയത്. മുൻ ഇലക്ഷൻ കമ്മിഷണർ എസ്.വൈ. ഖുറേഷിയാണ് ചർച്ചക്ക് മുൻകൈ എടുത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

Content Highlight: Jamaat has the capacity to strike back at some religious organizations; Kozhikode-centered screenplay: P. Mujeeb Rahman