ആകാശ് തില്ലങ്കേരി; എം.വി. ഗോവിന്ദന്റെ വാക്കുകള്‍ സി.പി.ഐ.എമ്മിലെ യുവാക്കള്‍ ഗൗരവത്തിലെടുക്കണമെന്ന് രമേശ് ചെന്നിത്തല
Kerala News
ആകാശ് തില്ലങ്കേരി; എം.വി. ഗോവിന്ദന്റെ വാക്കുകള്‍ സി.പി.ഐ.എമ്മിലെ യുവാക്കള്‍ ഗൗരവത്തിലെടുക്കണമെന്ന് രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th February 2023, 5:46 pm

തിരുവനന്തപുരം: ആകാശ് തില്ലങ്കേരി ക്രിമിനല്‍ സംഘത്തിന്റെ ഭാഗം ആണെങ്കില്‍ പാര്‍ട്ടിക്ക് കൈകാര്യം ചെയ്യാനറിയാമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാക്കുകള്‍ ആ പാര്‍ട്ടിക്കകത്തുള്ള യുവാക്കള്‍ അതീവ ഗൗരവത്തോടെ കാണണമെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ.

സി.പി.ഐ.എമ്മിനുള്ളില്‍ അക്രമവാസന വളരുന്നത് നേതൃത്വത്തിന്റെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഏതാനും നാളുകള്‍ വരെ പാര്‍ട്ടി പുത്രന്‍ എന്ന ഓമന പേരിലറിയപ്പെട്ട ആകാശ് തില്ലങ്കേരി ഒരു സുപ്രഭാതത്തില്‍ വെറുക്കപ്പെട്ടവനായതെങ്ങിനെയാണ്? രാഷ്ട്രീയ എതിരാളികളെ വക വരുത്താന്‍ നിങ്ങള്‍ വളര്‍ത്തിയെടുത്തവരെ കൃത്യനിര്‍വഹണത്തിന് ശേഷം കയ്യൊഴിഞ്ഞതിനാല്‍ സ്വയം സംഘടിച്ച് ക്വട്ടേഷന്‍ സംഘങ്ങളായി മാറി കഴിഞ്ഞു.

ആകാശ് തില്ലങ്കേരി ക്രിമിനല്‍ സംഘത്തിന്റെ ഭാഗം ആണെങ്കില്‍ പാര്‍ട്ടിക്ക് കൈകാര്യം ചെയ്യാനറിയാമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍ അതീവ ഗൗരവത്തോടെ ആ പാര്‍ട്ടിക്കകത്തുള്ള യുവാക്കള്‍ കാണണം. സമാന രീതിയില്‍ പാര്‍ട്ടി കൈകാര്യം ചെയ്തപ്പോഴാണ് ടി.പി. ചന്ദ്രശേഖരന്‍ ഇല്ലാതായത്.

സി.പി.ഐ.എമ്മിനുള്ളില്‍ അക്രമവാസന വളരുന്നത് നേതൃത്വത്തിന്റെ അറിവോടെയാണ്, നാടിന്റെ ക്രമസമാധാനനില സംരക്ഷിക്കേണ്ട ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടി തന്നെ അക്രമത്തിനും കൊലപാതകങ്ങള്‍ക്കും നേരിട്ടു നേതൃത്വം കൊടുക്കുന്നത് കേരളത്തിനു അപമാനമാണ്.

ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന ക്വട്ടേഷന്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കും ലഹരിമാഫിയകള്‍ക്കും സര്‍വ്വത്ര അഴിഞ്ഞാടാന്‍ അവസരം ഉണ്ടാകുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്,’ രമേശ് ചെന്നിത്തല.

കൊലപാതകം നടത്താനുള്ള ആഹ്വാനമൊന്നും പാര്‍ട്ടി നടത്തിയിട്ടില്ലെന്നായിരുന്നു എം.വി. ഗോവിന്ദന്‍ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.