പ്രിയപ്പെട്ട ലാലേട്ടാ, എനിക്ക് പറയാന്‍ വാക്കുകളില്ല; തുടരും ടേണിങ് പോയിന്റായതിനെക്കുറിച്ച് ജേക്‌സ് ബിജോയ്
Malayalam Cinema
പ്രിയപ്പെട്ട ലാലേട്ടാ, എനിക്ക് പറയാന്‍ വാക്കുകളില്ല; തുടരും ടേണിങ് പോയിന്റായതിനെക്കുറിച്ച് ജേക്‌സ് ബിജോയ്
അശ്വിന്‍ രാജേന്ദ്രന്‍
Friday, 6th March 2026, 4:00 pm

2007 ല്‍ പുറത്തിറങ്ങിയ മിന്നലഴകേ എന്ന ആല്‍ബത്തിലൂടെ അരങ്ങേറ്റം കുറിച്ച സംഗീതസംവിധായകനാണ് ജേക്‌സ് ബിജോയ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ല്‍ പുറത്തിറങ്ങിയ എയ്ഞ്ചല്‍സ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ സംഗീതസംവിധായകനായി തുടക്കം കുറിച്ച ജേക്‌സ്. സമീപകാലങ്ങളിലായി ഒട്ടനവധി ഹിറ്റ് ഗാനങ്ങളും പശ്ചാത്തലസംഗീതവുമാണ് മലയാള സിനിമക്ക് സമ്മാനിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, തുടരും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നരിവേട്ട തുടങ്ങിയവ ജേക്‌സിന്റെ ഹിറ്റുകളില്‍ ചിലതാണ്. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ തുടരും. തിയേറ്ററുകളില്‍ വലിയ ഉത്സവമായി മാറിയ ചിത്രം മലയാള സിനിമയുടെ സകല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തിരുത്തികുറിച്ചിരുന്നു.

ജേക്‌സ് ബിജോയ്: Indulge Express

തുടരുമിന്റെ സക്‌സസ് മീറ്റിനിടയില്‍ ജേക്‌സ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കരിയറില്‍ മോശം സമയത്ത് നില്‍ക്കവെ തനിക്ക് അവസരം നല്‍കിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് വൈകാരികമായാണ് ജേക്‌സ് ചടങ്ങില്‍ പ്രതികരിച്ചത്.

‘പ്രിയപ്പെട്ട ലാലേട്ടാ, എനിക്ക് പറയാന്‍ വാക്കുകളില്ല. എന്റെ ലൈഫില്‍ വളരെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്താണ് എനിക്ക് ഈ കോള്‍ വരുന്നത്. 2024 ല്‍ ചിത്രങ്ങള്‍ ചെയ്തിരുന്നെങ്കിലും എനിക്ക് വിചാരിച്ച റിസള്‍ട്ട് ലഭിച്ചിരുന്നില്ല. ഈരാറ്റുപേട്ടയില്‍ ഒരു പള്ളിയുടെ മുമ്പില്‍ നില്‍ക്കുമ്പോഴാണ് എനിക്ക് ഈ ചിത്രത്തിലേക്കുള്ള കോള്‍ വരുന്നത്. തരുണ്‍ മൂര്‍ത്തിയാണെന്ന് പറഞ്ഞു. തരുണിന്റെ ആദ്യ ചിത്രത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു.

എന്റെ പത്തെഴുപത് ചിത്രങ്ങള്‍ക്ക് ശേഷം ഒരു പ്രയാസമേറിയ ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് തുടരും വന്നത്. വളരെ അഭിമാനത്തോടെ പറയട്ടെ എന്റെ ലൈഫിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് ആണ് തുടരും. അതിന് ശേഷം വളരെ നല്ലൊരു റണ്ണാണ് ലഭിച്ചത്. യോദ്ധാ ഒരു നാല്‍പ്പത് തവണ കണ്ടിട്ടുള്ള ആളാണ് ഞാന്‍. എഴുപത് ചിത്രങ്ങള്‍ക്ക് ശേഷമാണ് ലാലേട്ടനൊപ്പം ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞതെങ്കിലും ഒരുപാട് സന്തോഷമുണ്ട്,’ ജേക്‌സ് പറഞ്ഞു.

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര,. Photo: The Indian Express

കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനം 2026 ലും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ജേക്‌സ് ബിജോയ്. മലയാളത്തില്‍ ഏറെ ഹൈപ്പില്‍ ഒരുങ്ങുന്ന ഒരുപിടി ചിത്രങ്ങളാണ് ജേക്‌സിന്റെതായി വരാനിരിക്കുന്നത്. ടൊവിനോയുടെ പള്ളിച്ചട്ടമ്പി, മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ഖലീഫ, ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ലോകഃ ചാപ്റ്റര്‍ 2, തരുണ്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന തുടക്കം തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടതാണ്.

Content Highlight: Jakes Bejoy talks about how Thudarum played important role in his career

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.