എമ്പുരാന്‍ പൃഥ്വിയുടെ മനസിലുണ്ട്; ആ കാര്‍ വരുമ്പോള്‍ തന്നെ ലാലേട്ടന്‍ വരുന്ന ഫീലുണ്ടാകും: ജെയ്‌സ് ജോസ്
Entertainment
എമ്പുരാന്‍ പൃഥ്വിയുടെ മനസിലുണ്ട്; ആ കാര്‍ വരുമ്പോള്‍ തന്നെ ലാലേട്ടന്‍ വരുന്ന ഫീലുണ്ടാകും: ജെയ്‌സ് ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th February 2025, 1:57 pm

മലയാളികള്‍ക്ക് പരിചിതനായ നടനാണ് ജെയ്‌സ് ജോസ്. നിരവധി സിനികളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിലെ സേവ്യര്‍ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമാപ്രേമികള്‍ അദ്ദേഹത്തെ ഇന്ന് ഓര്‍ക്കുന്നത്.

ലൂസിഫര്‍ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനിലും ജെയ്‌സ് അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ പൃഥ്വിരാജ് സുകുമാരനെ കുറിച്ച് പറയുകയാണ് അദ്ദേഹം. മുരളി ഗോപിയെ പോലെ പ്രഗല്‍ഭനായ ഒരു എഴുത്തുകാരന്‍ എഴുതുന്ന കഥയെ ഇത്ര നന്നായി ജനങ്ങളിലേക്ക് എത്തിക്കാന്‍ ഏറ്റവും കഴിവുള്ള ഡയറക്ടര്‍മാരില്‍ ഒരാളാണ് പൃഥ്വിരാജ് എന്നാണ് ജെയ്‌സ് ജോസ് പറയുന്നത്.

ഓരോ ചെറിയ കാര്യങ്ങള്‍ കാണുമ്പോഴും സിനിമയുടെ ഓരോ ഷോട്ട് എടുക്കുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ ആ സിനിമയുണ്ടെന്ന് മനസിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എമ്പുരാന്‍ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ജെയ്‌സ്.

‘മുരളി ഗോപിയെ പോലെ ഇത്ര പ്രഗല്‍ഭനായ ഒരു എഴുത്തുകാരന്‍ എഴുതുന്ന കഥയെ ഇത്ര നന്നായി ജനങ്ങളിലേക്ക് എത്തിക്കാന്‍ ഏറ്റവും കഴിവുള്ള ഡയറക്ടര്‍മാരില്‍ ഒരാളാണ് പൃഥ്വിരാജ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

സിനിമയുടെ ഓരോ ചെറിയ കാര്യങ്ങള്‍ കാണുമ്പോഴും അതിലെ ഓരോ ഷോട്ട് എടുക്കുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ ആ സിനിമയുണ്ടെന്ന് മനസിലാക്കാം. വളരെ കുറച്ച് സീനുകളില്‍ മാത്രമേ എനിക്ക് ആ സിനിമയുടെ ഭാഗമാകാന്‍ പറ്റിയിട്ടുള്ളൂ.

എനിക്ക് ഷൂട്ടില്ലെങ്കില്‍ പോലും ഞാന്‍ വളരെ അത്ഭുതത്തോടെ അദ്ദേഹത്തിന്റെ ഡയറക്ഷന്‍ മാറി നിന്ന് ആര്‍ക്കും ശല്യമില്ലാതെ കാണുമായിരുന്നു. സിനിമയിലെ ഓരോ സീക്വന്‍സ് എടുക്കുമ്പോഴും, പ്രത്യേകിച്ച് ലാലേട്ടന്‍ ലൂസിഫര്‍ സിനിമയില്‍ ഉപയോഗിച്ച കാര്‍ വരുമ്പോള്‍ തന്നെ ഉള്ളില്‍ ലാലേട്ടന്‍ വരുന്ന ഫീല്‍ നമുക്ക് കിട്ടും.

ലാലേട്ടന്റെ മുഖം കാണുന്നത് പോലുള്ള ഫീലാകും അത്. ലാലേട്ടന്‍ വരുന്നെന്ന് തോന്നുന്ന രീതിയിലായിരുന്നു അതിന്റെ മൂവ്‌മെന്റെന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്. അത്രയ്ക്കും അദ്ദേഹത്തിന്റെ മനസില്‍ ആ സിനിമയുണ്ട് എന്നതാണ് സത്യം,’ ജെയ്‌സ് ജോസ് പറഞ്ഞു.

Content Highlight: Jaise Jose Talks About Prithviraj Sukumaran