മലയാള സിനിമാ മേഖലയിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. ഹാസ്യ താരമായും സ്വഭാവനടനായും വില്ലന്‍ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. സിനിമ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ ജഗതി ശ്രീകുമാറിന് ഉണ്ടായ വാഹനാപകടം. അപകടത്തിന് ശേഷം ജഗതി ഇപ്പോള്‍ സിനിമയില്‍ സജീവമല്ല.
ജഗതിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ ജഗദീഷ്. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളുടെ സെറ്റില്‍ വെച്ച് പഴയ നാടകങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നെന്ന് ജഗദീഷ് പറയുന്നു. വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്ന കലാകാരനാണ് ജഗതിയെന്നും എന്നാല്‍ ഷൂട്ടിങ്ങിനിടയില്‍ ആരെങ്കിലും ഡയലോഗ് തെറ്റിച്ചാല്‍ പിണങ്ങുമെന്നും ജഗദീഷ് പറഞ്ഞു.
സ്വന്തം വസ്ത്രത്തില്‍ അഴുക്കായാല്‍ ജഗതി ക്ഷമിക്കുമെന്നും എന്നാല്‍ കഥാപാത്രത്തിന്റെ വസ്ത്രത്തില്‍ അഴുക്ക് പറ്റാതിരിക്കാന്‍ അദ്ദേഹം വളരെ ശ്രദ്ധിക്കുമായിരുന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ഷൂട്ടിങ്ങിനിടയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ വസ്ത്രം അഴിച്ചുവെച്ച് ഭക്ഷണം കഴിക്കുന്ന അപൂര്‍വം നടന്മാരില്‍ ഒരാളാണ് ജഗതിയെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ കഥ എഴുതിയ മുത്താരം കുന്ന് പി.ഒ., മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, പൊന്നും കുടത്തിന് പൊട്ട് എന്നീ ചിത്രങ്ങളില്‍ അമ്പിളിച്ചേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. ആ ചിത്രങ്ങളുടെ സെറ്റില്‍വെച്ച് ഞങ്ങള്‍ സംസാരിച്ചത് പഴയ നാടകക്കാലത്തെ കുറിച്ചായിരുന്നു.
വെള്ളിത്തിരയില്‍ വിസ്മയം കാണിക്കുന്ന ആ കലാകാരന്‍ ഷൂട്ടിങ്ങിനിടയില്‍ ആരെങ്കിലും ഡയലോഗ് തെറ്റിച്ചാല്‍ മാത്രമേ പിണങ്ങാറുള്ളൂ. അതിന്റെ പേരില്‍ പലര്‍ക്കും അദ്ദേഹത്തില്‍ നിന്ന് ചീത്ത കേട്ടിട്ടുണ്ട്. ഇതുവരെ എനിക്കങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ല.
അഭിനയ പാടവത്തിനൊപ്പം ജഗതി ശ്രീകുമാര്‍ എന്ന നടന് മാത്രമുള്ള ചില സ്വഭാവ വിശേഷങ്ങള്‍ ഉണ്ടായിരുന്നു. സ്വന്തം വസ്ത്രത്തില്‍ അഴുക്കായാല്‍ അദ്ദേഹം ക്ഷമിക്കും. പക്ഷേ കഥാപാത്രത്തിന്റെ വസ്ത്രത്തില്‍ അഴുക്ക് പറ്റുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക ശ്രദ്ധയായിരുന്നു. അതിനാല്‍ ഷൂട്ടിങ്ങിനിടയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ വസ്ത്രം അഴിച്ചുവെച്ച് ഭക്ഷണം കഴിക്കുന്ന അപൂര്‍വം നടന്മാരില്‍ ഒരാളാണ് അമ്പിളിച്ചേട്ടന്‍,’ ജഗദീഷ് പറയുന്നു.