ഒരു ഹാസ്യ താരമായി സിനിമയിലെത്തി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് വ്യത്യസ്തമായ വേഷങ്ങളിലൂടെ ജഗദീഷ് മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായി മാറി.
ആനയുമായിട്ട് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ഞാനാണ് – ജഗദീഷ്
ഏറ്റവും കൂടുതല്‍ ആനയുമായുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ താനാണെന്ന് പറയുകയാണ് ജഗദീഷ്. പ്രായിക്കര പാപ്പാന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് മോഹന്‍ലാല്‍ തനിക്കൊരു ഉപദേശം നല്‍കിയെന്നും ആ സമയത്ത് മോഹന്‍ലാല്‍ അടിവേരുകള്‍ എന്ന സിനിമ ചെയ്തിട്ടുണ്ടായിരുന്നുവെന്നും ജഗദീഷ് പറയുന്നു.
ആനയുടെ അടുത്ത് പോകുമ്പോള്‍ കയ്യും കാലും അനക്കി സംസാരിക്കരുതെന്നും സംസാരിക്കുമ്പോഴെല്ലാം ശ്രദ്ധിക്കണമെന്നുമായിരുന്നു മോഹന്‍ലാല്‍ നല്‍കിയ ഉപദേശമെന്നും അത് വളരെ വിലയേറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘ആനയുമായിട്ട് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ഞാനാണ്. പ്രായിക്കര പാപ്പാന്‍ എന്ന സിനിമയില്‍ പാപ്പാനായിട്ട് ഞാന്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മോഹന്‍ലാല്‍ എനിക്കൊരു ഉപദേശം തന്നിരുന്നു. അതില്‍ ആനയുമായിട്ടുള്ള ഒരുപാട് സീനുകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാല്‍ ആ സമയത്ത് അടിവേരുകള്‍ എന്ന് പറയുന്ന ഒരു സിനിമയെല്ലാം ചെയ്തിരിക്കുന്ന സമയമായിരുന്നു.
‘ആനയുടെ അടുത്ത് പോകുമ്പോള്‍ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക, നമ്മള്‍ ബിഹേവ് ചെയ്യുമ്പോള്‍ സംസാരത്തിലൊക്കെ ഒരു കണ്‍ട്രോള്‍ വേണം. കയ്യും കാലുമെല്ലാം എടുക്കുന്നത് സൂക്ഷിച്ച് വേണം’ എന്നെല്ലാം മോഹന്‍ലാല്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു.
അത് വളരെ വിലയേറിയെ ഉപദേശമായിരുന്നു. കാരണം, നമ്മള്‍ സംസാരിക്കുമ്പോള്‍ കയ്യും കാലുമെല്ലാം എടുത്ത് ആക്ഷനെല്ലാം കാണിക്കുമല്ലോ. ആനയുടെ അടുത്ത് ചെന്ന് അതുപോലെ കയ്യും കാലുമെല്ലാം അനക്കിയാല്‍ ആന നമ്മള്‍ അതിനെ ഉപദ്രവിക്കാന്‍ പോകുകയാണെന്ന് കരുതി തുമ്പികൈകൊണ്ട് അടിക്കും,’ ജഗദീഷ് പറയുന്നു.