1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച നടനാണ് ജഗദീഷ്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം ഹാസ്യ താരമായി എത്തി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഈയിടെയായി മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി സീരിയസ് റോളുകളും തനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തെളിയിക്കാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്.
നടൻ ജഗതി ശ്രീകുമാറിനെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. അഭിനയിക്കുമ്പോൾ ഇമ്പ്രവൈസേഷൻ ചെയ്യാൻ അദ്ദേഹത്തിന് വലിയ കഴിവാണെന്നും അവരുടെയെല്ലാം തമാശകൾക്ക് മുമ്പിൽ തന്റെ കോമഡികൾ ഒന്നുമല്ലെന്നും ജഗദീഷ് പറയുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ഹലോ മൈ ഡിയർ റോങ്ങ് നമ്പർ എന്ന സിനിമയിലെ ജഗതിയുടെ പെർഫോമൻസിനെ കുറിച്ചും ജഗദീഷ് കൂട്ടിച്ചേർത്തു.
‘ജഗതി ചേട്ടന്റെ ചില കാര്യങ്ങളൊന്നും നമ്മൾ എത്ര പറഞ്ഞാലും തീരില്ല. ഞാനുള്ള സിനിമയല്ല, ഞാൻ ഷൂട്ടിങ് കാണാൻ പോയതാണ്. ഹലോ മൈ ഡിയർ റോങ് നമ്പർ എന്ന സിനിമയാണ്. അതിൽ ജഗതി ചേട്ടൻ വന്ന് പൊലീസ് സ്റ്റേഷനിലേക്ക് കയറി പോകുന്ന ഒരു സീനാണ്. അത്രയേയുള്ളൂ. പുറത്ത് ഒരു ജൂനിയർ ആർട്ടിസ്റ്റിനെ നിർത്തിയിട്ടുണ്ട്. ജഗതി ചേട്ടനോട് പ്രിയൻ ഒന്നും പറഞ്ഞിട്ടൊന്നുമില്ല. ആ നിൽക്കുന്ന ആളൊരു ഓട്ടോറിക്ഷ ഡ്രൈവറാണ്.
അയാളെ കണ്ടപാടെ ജഗതി ചേട്ടൻ, ‘ലൈസെൻസ് ഉണ്ടോടാ’ എന്ന് ഉറക്കെ ചോദിച്ചു, ഉടനെ തന്നെ അയാൾ ഉണ്ടെന്ന് പറയും. അപ്പോൾ അദ്ദേഹം വീണ്ടും ഉറക്കെ ചോദിക്കും, ‘ഉണ്ടെങ്കിൽ’ എന്ന്. വെറുതെ നിൽക്കുന്ന ആളോടാണ് ജഗതി ചേട്ടൻ അത് പറയുന്നത്. പ്രിയൻ ചിരിച്ചു, എല്ലാവരും ചിരിച്ചു. അതാണ് ജഗതി ചേട്ടൻ.
അതാണ് അദ്ദേഹത്തിന്റെ ഇമ്പ്രവൈസേഷൻ. അതുപോലെ മറ്റൊരു സീനാണ്, അദ്ദേഹം മദ്യപിച്ചുകൊണ്ടിരിക്കുകയാണ്.
ലോകത്ത് ആർക്കും ഇമാജിൻ ചെയ്യാൻ പറ്റാത്ത കാര്യമാണത്, അദ്ദേഹം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചുവരിൽ മാന്തിയിട്ട് ആ കുമ്മായം ടച്ചിങ്‌സ് ആയിട്ട് കഴിക്കുകയാണ്. വേറെ ഒന്നും കിട്ടഞ്ഞിട്ടാണ്.