ജഗതിച്ചേട്ടനല്ലാതെ ലോകത്ത് മറ്റൊരു നടനും ആ സീനുകള്‍ ചെയ്യാന്‍ കഴിയില്ല: ജഗദീഷ്
Entertainment
ജഗതിച്ചേട്ടനല്ലാതെ ലോകത്ത് മറ്റൊരു നടനും ആ സീനുകള്‍ ചെയ്യാന്‍ കഴിയില്ല: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st February 2025, 8:48 am

കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ നടനാണ് ജഗദീഷ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന ജഗദീഷ് ആദ്യകാലങ്ങളില്‍ ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. പിന്നീട് നായകനായും തിളങ്ങിയ ജഗദീഷ് അടുത്തിടെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിലൊരാളായ ജഗതി ശ്രീകുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. പല സീനുകളിലും സ്‌ക്രിപ്റ്റിലില്ലാത്ത ഡയലോഗ് കൊണ്ട് സെറ്റിലുള്ളവരെക്കൊണ്ട് കൈയടിപ്പിക്കാറുണ്ടെന്ന് ജഗദീഷ് പറഞ്ഞു. അത്തരത്തില്‍ ഒരു സീന്‍ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹലോ മൈഡിയര്‍ റോങ് നമ്പര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ താന്‍ ഒരുദിവസം പോയിരുന്നെന്നും തനിക്ക് ആ സിനിമയില്‍ വേഷമില്ലായിരുന്നെന്നും ജഗദീഷ് പറഞ്ഞു. ഷൂട്ടിങ് കാണാന്‍ വേണ്ടി പോയതാണെന്നും ആ ദിവസം ജഗതിയുടെ ഒരു സീനായിരുന്നു എടുത്തിരുന്നതെന്നും ജഗദീഷ് പറയുന്നു.

അദ്ദേഹം ആ സിനിമയില്‍ ഒരു പൊലീസ് ഓഫീസറായാണ് വേഷമിട്ടതെന്നും സ്റ്റേഷനിലേക്ക് വന്ന് കയറുമ്പോള്‍ ഒരു ഓട്ടോ ഡ്രൈവറെ കണ്ടിട്ട് അയാളോട് സംസാരിക്കുന്ന സീനില്‍ അദ്ദേഹം ഒരു കൗണ്ടര്‍ അടിച്ചെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. പ്രിയദര്‍ശന്‍ ഉള്‍പ്പെടെ എല്ലാവരും ആ സീനിന് ചിരിച്ചെന്നും ജഗതിക്കല്ലാതെ മറ്റാര്‍ക്കും അത് സാധിക്കില്ലെന്നും ജഗദീഷ് പറഞ്ഞു.

വേറൊരു സിനിമയില്‍ അദ്ദേഹം മദ്യപിക്കുന്ന സീനില്‍ ടച്ചിങ്‌സ് ഒന്നും ഇല്ലാത്തതുകൊണ്ട് ചുമരിലെ കുമ്മായം പൊളിച്ച് എടുത്ത് വായിലിടുന്ന സീന്‍ ഉണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ജഗതിയല്ലാതെ ലോകത്ത് മറ്റൊരു നടനും അങ്ങനെ ചിന്തിക്കില്ലെന്നും അത്തരം ഹ്യൂമറുകള്‍ അവതരിപ്പിക്കുന്നതില്‍ ജഗതിക്ക് അസാധ്യ കഴിവായിരുന്നെന്നും ജഗദീഷ് പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ജഗതിച്ചേട്ടന്‍ ചെയ്ത് വെച്ച കോമഡികളുടെ റേഞ്ച് വളരെ വലുതാണ്. സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത പല സംഗതിയും പുള്ളി കൈയില്‍ നിന്ന് ഇടുമായിരുന്നു. ഹലോ മൈഡിയര്‍ റോങ് നമ്പര്‍ എന്ന പടത്തില്‍ അതുപോലൊരു ഐറ്റമുണ്ട്. ഞാന്‍ ആ പടത്തില്‍ അഭിനയിച്ചിട്ടില്ല. ഷൂട്ടിങ് കാണാന്‍ വേണ്ടി സെറ്റിലേക്ക് പോയതായിരുന്നു. ആ പടത്തില്‍ ജഗതി ചേട്ടന്‍ ഒരു പൊലീസ് ഓഫീസറായിരുന്നു.

ജീപ്പില്‍ നിന്നിറങ്ങി സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന എസ്.ഐ എന്ന് മാത്രമേ സീനിലുണ്ടായിരുന്നു. സ്‌റ്റേഷന്റെ പുറത്ത് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഉണ്ടായിരുന്നു. ഓട്ടോ ഡ്രൈവറോ മറ്റോ ആണ് അയാള്‍. പോകുന്ന പോക്കില്‍ ജഗതി ചേട്ടന്‍ പുള്ളിയോട് ‘ലൈസന്‍സ് ഉണ്ടോടാ’ എന്ന് ചോദിച്ചു. ഉണ്ടെന്ന് അയാള്‍ മറുപടി പറഞ്ഞു. ‘ഉണ്ടെങ്കില്‍?’ എന്ന് സ്‌പോട്ടില്‍ തന്നെ ജഗതി ചേട്ടന്‍ തിരിച്ചു ചോദിച്ചു. പ്രിയദര്‍ശനടക്കം സെറ്റിലുണ്ടായിരുന്ന എല്ലാവരും ചിരിച്ചു.

അതുപോലെ വേറൊരു സിനിമയില്‍ പുള്ളി മദ്യപിക്കുന്ന സീനുണ്ട്. ടച്ചിങ്‌സ് ഒന്നും ഇല്ലാത്തതുകൊണ്ട് പുള്ളി ചുറ്റും ഒന്ന് നോക്കിയിട്ട് ചുമരില്‍ നിന്ന് കുമ്മായം അടര്‍ത്തിയെടുത്ത് ആ കുമ്മായം ടച്ചിങ്‌സ് ആക്കുന്നുണ്ട്. ലോകത്ത് ആര്‍ക്കും അങ്ങനെയൊന്ന് ഇമാജിന്‍ ചെയ്യാന്‍ പറ്റില്ല. അതൊക്കെ അദ്ദേഹത്തിന് മാത്രമേ സാധിക്കുള്ളൂ,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadeesh about Jagathy Sreekumar’s comedy timing in movies