അമ്പിളി ചേട്ടന്റെ പെര്‍ഫോമന്‍സ് കണ്ട് ആ സംവിധായകന്‍ ശ്വാസമടക്കിപ്പിടിച്ചാണ് കട്ട് വിളിക്കുന്നത്: ജഗദീഷ്
Entertainment
അമ്പിളി ചേട്ടന്റെ പെര്‍ഫോമന്‍സ് കണ്ട് ആ സംവിധായകന്‍ ശ്വാസമടക്കിപ്പിടിച്ചാണ് കട്ട് വിളിക്കുന്നത്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 10:59 am

നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ജഗദീഷ്. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടാനും പിന്നീട് നായകവേഷത്തില്‍ തിളങ്ങാനും ജഗദീഷിന് സാധിച്ചു. കോമഡി താരമായി സിനിമയെലത്തിയ അദ്ദേഹം നായകനടനായും ഒരുകാലത്ത് നിറഞ്ഞുനിന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ജഗദീഷ് തിരിച്ചുവരവില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ജഗതി ശ്രീകുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. കോമഡി സീനുകളില്‍ പലപ്പോഴും പ്രവചിക്കാനാകാത്ത പെര്‍ഫോമന്‍സ് നടത്തുന്നയാളാണ് ജഗതിയെന്ന് ജഗദീഷ് പറഞ്ഞു. കൂടെ പെര്‍ഫോം ചെയ്യുന്നവര്‍ അദ്ദേഹത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ പലപ്പോഴും പാടുപെടാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശന്‍ പലപ്പോഴും ചിരിയടക്കിപ്പിടിച്ചാണ് ജഗതിയുടെ സീനുകള്‍ ഷൂട്ട് ചെയ്യാറുള്ളതെന്നും താനത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പൊട്ടിച്ചിരിച്ചാല്‍ റീടേക്ക് പോകേണ്ടിവരുന്നത് കൊണ്ട് ശ്വാസമടക്കിപ്പിടിച്ച് ചിരിക്കുമെന്നും അങ്ങനെ ചിരിച്ചുകൊണ്ട് കട്ട് വിളിക്കുമെന്നും ജഗദീഷ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോമഡി സീനുകളില്‍ ജഗതി ചേട്ടന്‍ എന്താണ് ചെയ്യുകയെന്ന് പ്രവചിക്കാനാകില്ല. അദ്ദേഹത്തിന്റെ രീതി അങ്ങനെയാണ്. കൂടെയുള്ള ആക്ടേഴ്‌സ് അമ്പിളിച്ചേട്ടന്റെ കൂടെ പിടിച്ചുനില്‍ക്കാന്‍ പലപ്പോഴും പാടുപെടാറുണ്ട്. ആര്‍ട്ടിസ്റ്റുകള്‍ മാത്രമല്ല, സംവിധായകരും ജഗതി ചേട്ടന്‍ കാരണം ബുദ്ധിമുട്ടാറുണ്ട്. അതിലൊരാളാണ് പ്രിയദര്‍ശന്‍.

അമ്പിളിച്ചേട്ടന്റെ കോമഡി സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ പ്രിയന്‍ ചിരിയടക്കിപ്പിടിച്ചാണ് നില്ക്കാറുള്ളത്. പതിയെ ചിരിച്ചുകൊണ്ടാണ് സീന്‍ കംപ്ലീറ്റാക്കുക. പൊട്ടിച്ചിരിച്ചാല്‍ റീടേക്ക് പോകേണ്ടിവരും. ശ്വാസമടക്കിപ്പിടിച്ച് നിന്നാണ് സീനെടുക്കാറുള്ളത്. കട്ട് വിളിക്കാന്‍ നേരത്ത് വായ പൊത്തിപ്പിടിച്ച് ചിരിച്ചാണ് ‘കട്ട്’ പറയുന്നത്. അമ്പിളിച്ചേട്ടന്‍ അങ്ങനെയാണെങ്കില്‍ ശ്രീനിവാസന്റെ രീതി വ്യത്യസ്തമാണ്.

അയാളുടെ തമാശകള്‍ ഇന്റലക്ച്വലാണ്. ഞാനും ശ്രീനിയും സംസാരിച്ച് ഇരിക്കുമ്പോള്‍ പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടം കളിയാക്കും. അങ്ങനെ കളിയാക്കിയ ശേഷം പിന്നെ ഫുള്‍ ചിരിയാണ്. വേറൊരാള്‍ നോക്കുമ്പോള്‍ ഞങ്ങള്‍ എന്തിനാണ് ചിരിക്കുന്നതെന്ന് മനസിലാകില്ല. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി അങ്ങനെയാണ്,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadeesh about Jagathy Sreekumar and Sreenivasan