സിനിമയില്‍ ചെയ്യുന്നത് പോലെ റിയല്‍ ലൈഫിലും ആ നടനോട് പെരുമാറിയാല്‍ അയാളെന്നെ തല്ലുമെന്ന് ഉറപ്പാണ്: ജഗദീഷ്
Entertainment
സിനിമയില്‍ ചെയ്യുന്നത് പോലെ റിയല്‍ ലൈഫിലും ആ നടനോട് പെരുമാറിയാല്‍ അയാളെന്നെ തല്ലുമെന്ന് ഉറപ്പാണ്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th June 2025, 12:40 pm

നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ജഗദീഷ്. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടാനും പിന്നീട് നായകവേഷത്തില്‍ തിളങ്ങാനും ജഗദീഷിന് സാധിച്ചു. കോമഡി താരമായി സിനിമയെലത്തിയ അദ്ദേഹം നായകനടനായും ഒരുകാലത്ത് നിറഞ്ഞുനിന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ജഗദീഷ് തിരിച്ചുവരവില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.

സിനിമയും റിയല്‍ ലൈഫും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. സിനിമയില്‍ താന്‍ കാണിക്കുന്ന കാര്യങ്ങള്‍ വെറും സാങ്കല്പികമാണെന്ന് ജഗദീഷ് പറഞ്ഞു. അതെല്ലാം യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്യാന്‍ സാധിക്കില്ലെന്നും അക്കാര്യം തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ കാണുന്നതെല്ലാം റിയലാണെന്ന് വിചാരിക്കുന്നവരുണ്ടെന്നും താരം പറയുന്നു.

ബാബുരാജ് എന്ന നടനെ സിനിമയില്‍ തനിക്ക് എന്തും ചെയ്യാമെന്നും ജനം അതെല്ലാം വിശ്വസിക്കുമെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ അതുപോലെ റിയല്‍ ലൈഫില്‍ തനിക്ക് അയാളോട് പെരുമാറാനാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. അങ്ങനെ ചെയ്താല്‍ ബാബുരാജ് തന്നെ തല്ലുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഒറിജിനല്‍സിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘എനിക്ക് കിട്ടിയ ഭാഗ്യമാണത്. ഒരു സിനിമയില്‍ എന്റെ ഇടി കൊണ്ടിട്ട് ബാബുരാജ് തെറിച്ച് വീണിട്ടുണ്ട്. എന്നാല്‍ റിയല്‍ ലൈഫില്‍ എനിക്ക് പുള്ളിയെ തൊടാന്‍ പറ്റില്ലെന്ന് എനിക്കറിയാം. ഞാനതിന് മുതിരാറില്ല, അങ്ങനെ ചെയ്താല്‍ ബാബുരാജ് എന്നെ ഇടിക്കുമെന്ന് ഉറപ്പാണ്. ആ ബോധ്യം എനിക്ക് നന്നായിട്ട് ഉണ്ട്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ഞാന്‍ ധീരനല്ല എന്ന്.

മറ്റുള്ളവരോട് ഒരു ചലഞ്ച് വെക്കുകയാണ്. അവര്‍ക്കാര്‍ക്കെങ്കിലും ബാബുരാജിനോട് ദേഷ്യപ്പെടാന്‍ സാധിക്കുമോ? അതിനുള്ള ധൈര്യം എനിക്കുമില്ല. ബാബുരാജിനോട് ദേഷ്യപ്പെടാന്‍ മറ്റുള്ളവര്‍ക്ക് പേടിയുണ്ടായിരിക്കും. എന്നോട് ദേഷ്യപ്പെടാന്‍ അവര്‍ക്ക് യാതൊരു പേടിയുമില്ല. കാരണം, ഞാന്‍ ഒന്നും ചെയ്യില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. അയാളോട് ഞാന്‍ ദേഷ്യപ്പെടാത്തതിന് കാരണം എനിക്ക് കോമണ്‍സെന്‍സുണ്ട്,’ ജഗദീഷ് പറയുന്നു.

ജഗദീഷ് ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. ഭീഷ്മ പര്‍വത്തിന്റെ തിരക്കഥയൊരുക്കിയ ദേവദത്ത് ഷാജിയാണ് ചിത്രത്തിന്റെ സംവിധാനം. രാജേഷ് മാധവാണ് ചിത്രത്തിലെ നായകന്‍. മനോജ് കെ. ജയന്‍, സുധീഷ്, വിനീത്, ശബരീഷ് വര്‍മ, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജൂലൈ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Jagadeesh about his off screen life and his limits