'ഹര്‍ദിക് പാണ്ഡ്യയോ ബെന്‍ സ്‌റ്റോക്‌സോ', ഏറ്റവും മികച്ച ഓള്‍ റൗണ്ടറാര്; മറുപടിയുമായി ജാക്വസ് കാലിസ്
Sports News
'ഹര്‍ദിക് പാണ്ഡ്യയോ ബെന്‍ സ്‌റ്റോക്‌സോ', ഏറ്റവും മികച്ച ഓള്‍ റൗണ്ടറാര്; മറുപടിയുമായി ജാക്വസ് കാലിസ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st October 2022, 2:15 pm

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ പ്ലെയര്‍ ജാക്വസ് കാലിസ്. 18 വര്‍ഷത്തിലധികം നീണ്ടുനിന്ന തന്റെ ക്രിക്കറ്റ് കരിയറില്‍, മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി 25,534 റണ്‍സ് നേടിയ താരം 55 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യയാണോ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സാണോ നിലവില്‍ ഏറ്റവും മികച്ച ഓള്‍ റൗണ്ടറെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ ജാക്വസ് കാലിസ്. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഇവര്‍ രണ്ട് പേരും (ഹാര്‍ദിക് പാണ്ഡ്യയും ബെന്‍ സ്റ്റോക്‌സും) വേള്‍ഡ് ക്ലാസ് ഓള്‍ റൗണ്ടര്‍മാരാണ്. നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു വിഭാഗമാണ് ഓള്‍റൗണ്ടര്‍മാര്‍. അവര്‍ എപ്പോഴും കണ്ടുകിട്ടണമെന്നില്ല.

ഹാര്‍ദിക് പാണ്ഡ്യയും ബെന്‍ സ്റ്റോക്‌സും തങ്ങളുടെ ടീമുകളുടെ വിജയത്തിനായി വലിയ പങ്ക് വഹിക്കുമെന്ന് എനിക്കുറപ്പുണ്ട്. രണ്ടുപേരും തമ്മില്‍ നല്ല പോരാട്ടമായിരിക്കും,” ജാക്വസ് കാലിസ് പറഞ്ഞു.

വരാനിരിക്കുന്ന ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനും ദക്ഷിണാഫ്രിക്കന്‍ ടീമിനുമുള്ള സാധ്യതകള കുറിച്ചും കാലിസ് അഭിമുഖത്തില്‍ സംസാരിച്ചു. നിലവില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ ഇന്ത്യയില്‍ വെച്ച് ടി20 സീരിസ് നടന്നുകൊണ്ടിരിക്കുകയാണ്.

”ഈ ടി20 ലോകകപ്പില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ടീമുകളുടെ ഗണത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുന്നിലുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ലോകകപ്പ് സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഈ രണ്ട് ടീമുകളും തമ്മില്‍ ഇപ്പോള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പര പ്രധാനമായിരിക്കും.

ഈ രണ്ട് ടീമുകളും അവിടെ ലോകകപ്പില്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. ലോകകപ്പില്‍ നിങ്ങളുടെ വഴി തെരഞ്ഞെടുക്കാനും അതുപോലുള്ള മറ്റ് കാര്യങ്ങള്‍ക്കും നിങ്ങള്‍ക്ക് ഭാഗ്യം ആവശ്യമാണ്. പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയുടെ പോയിന്റ് ഓഫ് വ്യൂവില്‍ നോക്കുമ്പോള്‍, ഇത് ഞങ്ങള്‍ക്ക് ഒരു നല്ല ലോകകപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” കാലിസ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ലെജന്റ്‌സ് ക്രിക്കറ്റ് ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിന് വേണ്ടി കളിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്വസ് കാലിസ്.

Content Highlight: Jacques Kallis says whether Hardik Pandya or Ben Stokes is the best All- Rounder