'കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്‌ളയല്ല മൂസ'; 'ദേശീയ മുസ്‌ലിമിന്റെ' ചില മുസ്‌ലിം വിരുദ്ധ ചിന്തകള്‍
Film News
'കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്‌ളയല്ല മൂസ'; 'ദേശീയ മുസ്‌ലിമിന്റെ' ചില മുസ്‌ലിം വിരുദ്ധ ചിന്തകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th November 2022, 1:03 pm

സുരേഷ് ഗോപി നായകനായ മേ ഹൂം മൂസ ഒ.ടി.ടിയില് റിലീസ് ചെയ്തിരിക്കുകയാണ്. നവംബര്‍ 11ന് സി 5ലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പിന്നാലെ സോഷ്യല്‍ മീഡിയയിലും മേ ഹൂം മൂസ ചര്‍ച്ചയാവുകയാണ്.  കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു എന്ന് കരുതിയിരുന്ന പട്ടാളക്കാരന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരുന്നു. സ്വന്തം നാട്ടിലേക്ക് വന്നപ്പോള്‍ അയാള്‍ക്ക് മനസിലാകാത്തതും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുമായ നിരവധി കാര്യങ്ങളാണ് സംഭവിച്ചത്.

വളരെ കൗതുകമുണര്‍ത്തുന്ന സബ്‌ജെക്റ്റാണ് സംവിധായകന്റെ കയ്യില്‍ കിട്ടിയത്. സംഘപരിവാര്‍ രാഷ്ട്രീയം ഉയര്‍ത്തുകയും അതുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട  ചെയ്ത സുരേഷ് ഗോപി മലപ്പുറത്തെ മുസ്‌ലിമായി എത്തുന്നു എന്ന വാര്‍ത്ത വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയ്ക്കായി ജീവന്‍ വരെ കൊടുക്കാന്‍ തയാറാവുന്ന ദേശസ്‌നേഹിയായ പട്ടാളക്കാരനാണ് മൂസ.

എന്നാല്‍ മൂസയില്‍ ചില മുസ്‌ലിം വിരുദ്ധതയും കടന്നുകൂടിയിരിക്കുന്നത് പ്രേക്ഷകനെ നിരാശപ്പെടുത്തും. റിലീസിന് തൊട്ടുമുമ്പേ പുറത്ത് വന്ന പോസ്റ്റര്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നു. ‘കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്‌ളയല്ല മൂസ, ഇന്ത്യക്ക് വേണ്ടി ചാകാനിറങ്ങിയ ഇസ്‌ലാമാണ് മൂസ,’ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്ററാണ് പുറത്ത് വന്നത്. ചിത്രത്തിലും ഈ ഡയലോഗ് മൂസ ആവര്‍ത്തിക്കുന്നുണ്ട്.  സാഹചര്യത്തോട് ഒട്ടും ചേരാത്ത ഡയലോഗ് ആയിരുന്നു ഇത്. ഇവിടെ ഒരു രാജ്യസ്‌നേഹ പ്രസംഗം കൂടി മൂസ കാച്ചുന്നുണ്ട്.

സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ഇസ്‌ലാമോഫോബിയയുടെ സ്വരം തന്നെയാണ് ഇവിടെ ചിത്രത്തിനും കൈ വരുന്നത്. കണ്ടോനെ കൊന്നാല്‍ സ്വര്‍ഗം ലഭിക്കുമെന്ന് ഏത് ഇസ്‌ലാമാണ് വിചാരിക്കുന്നത് എന്നുകൂടി പ്രേക്ഷകന് തോന്നാം.

മൂസ പള്ളിയില്‍ കയറി നിസ്‌കരിക്കരിച്ചതിന് ശേഷം അവിടുത്തെ ജീവനക്കാരനോട് സംസാരിക്കുന്ന രംഗമുണ്ട്. പാകിസ്ഥാനിലെ ജയിലില്‍ കിടന്നിട്ടാണ് മൂസയുടെ വരവ്. പള്ളിയിലെ ജീവനക്കാരന്‍ മൂസയോട് ഉത്സാഹത്തോടെ ചോദിക്കുന്നത് പാകിസ്ഥാന്‍ ഐ.എസ്. സ്‌ട്രോങ് അല്ലേയെന്നും അവിടുത്തെ ജയിലില്‍ ബിരിയാണി അല്ലേയെന്നുമൊക്കെയാണ്.  ഐ.എസിനേയും പാകിസ്ഥാനിലെ ജയിലുകളെ വരെയും ആരാധനയോടെയാണ് നോക്കി കാണുന്ന സാധാരണ മുസ്‌ലിം എന്ന വിദ്വേഷപരമായ ഇമേജാണ് ഈ രംഗത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

മലപ്പുറത്തെ മുസ്‌ലിം പശ്ചാത്താലത്തില്‍ മുസ്‌ലിം നായകനെ കൊണ്ടുവന്ന് സംഘപരിവാര്‍ വാദങ്ങളാണ് ഇവിടെയൊക്കെ തിരുകി കയറ്റിയിരിക്കുന്നത്.

Content Highlight: islamophobic content in mei hoom moosa