അങ്ങനെ ഒരാള്‍ മാത്രം നന്നാകരുതല്ലോ; ഷൂട്ടിങ്ങിന്റെ തിരക്കിനിടയിലും ഞങ്ങളെക്കൊണ്ടാവും വിധം പുള്ളിക്കാരനെ മാറ്റിയെടുത്തിട്ടുണ്ട്; ട്രോളുമായി നിവിന്‍ പോളി
Movie Day
അങ്ങനെ ഒരാള്‍ മാത്രം നന്നാകരുതല്ലോ; ഷൂട്ടിങ്ങിന്റെ തിരക്കിനിടയിലും ഞങ്ങളെക്കൊണ്ടാവും വിധം പുള്ളിക്കാരനെ മാറ്റിയെടുത്തിട്ടുണ്ട്; ട്രോളുമായി നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st October 2022, 12:53 pm

നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് തുടങ്ങിയ യുവനിരയിലെ നടന്മാരെ ഒരുമിപ്പിച്ച് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ സാറ്റര്‍ഡേ നൈറ്റ് റിലീസിനൊരുങ്ങുകയാണ്. സിനിമയില്‍ കാണിക്കുന്ന അതേസൗഹൃദം സിനിമയ്ക്ക് പുറത്തും കാത്തുസൂക്ഷിക്കുന്നവരാണ് ഇവരെല്ലാം. പരസ്പരം കളിയാക്കിയും ട്രോളിയും ചിത്രത്തിന്റെ ലൊക്കേഷന്‍ ആഘോഷമാക്കിയിട്ടുണ്ട് താരങ്ങള്‍.

സൈജു കുറുപ്പിന്റെ ചില ശീലങ്ങള്‍ തങ്ങള്‍ സുഹൃത്തുക്കള്‍ ഇടപെട്ട് പൊളിച്ച കഥയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ താരങ്ങള്‍ പങ്കുവെക്കുന്നത്. രാത്രി ഏഴ് മണിക്ക് ശേഷം ഒന്നും കഴിക്കാത്ത സൈജുവിന്റെ ഭക്ഷണ ശീലത്തെയാണ് അജുവും സിജുവും നിവിനുമെല്ലാം ചേര്‍ന്ന് കളിയാക്കുന്നത്.

നിവിനും സിജുവുമെല്ലാം അവരുടെ പഠനകാലത്ത് ഇറങ്ങിക്കളിച്ച തട്ടകമായ ബെംഗളൂരുവിലും മൈസൂരിലുമൊക്കെയായിരുന്നു സിനിമയുടെ ഷൂട്ടിങ്ങെന്നും അവിടുത്തെ ഓരോ ഊടുവഴികളും ഇവര്‍ക്ക് പരിചിതമാണെന്നും അവിടുത്തെയൊക്കെ ലോക്കല്‍ ഫുഡുകള്‍ ഒരുപാട് പരിചയപ്പെടാനായെന്നും സൈജു പറഞ്ഞപ്പോഴായിരുന്നു ട്രോളുമായി താരങ്ങള്‍ എത്തിയത്.

ഫുഡ് എത്ര നന്നായിട്ടും കാര്യമില്ലെന്നും ഏഴ് മണിക്ക് ശേഷം സൈജു ചേട്ടന്‍ ഒന്നും കഴിക്കില്ലെന്നും അങ്ങനെയൊരു വിചിത്രമായ ആചാരമുണ്ട് മൂപ്പര്‍ക്കെന്നുമായിരുന്നു അജു വര്‍ഗീസ് പറഞ്ഞത്.

ഇതോടെ ഇതെല്ലാം ഇവന്‍മാര്‍ പൊളിച്ചടുക്കിയെന്നും വര്‍ഷങ്ങളായുള്ള ചിട്ടയായിരുന്നുവെന്നും സൈജു പറഞ്ഞു. സെറ്റിലെത്തിയതോടെ അതെല്ലാം പൊളിഞ്ഞു എന്നും സൈജു കൂട്ടിച്ചേര്‍ത്തു.

അങ്ങനെ ഒരാള്‍ മാത്രം നന്നാകരുതല്ലോ. ഷൂട്ടിങ് തിരക്കിനിടയിലും തങ്ങളെക്കൊണ്ട് പറ്റും വിധം ഉത്സാഹിച്ച് പുള്ളിക്കാരനെ മാറ്റിയെടുത്തിട്ടുണ്ടെന്നായിരുന്നു ഇതോടെ നിവിന്റെ തഗ്ഗ്. ഷൂട്ടിങ് അവസാനിക്കാറായപ്പോഴേക്കും രാത്രി പത്തരയ്ക്കും പതിനൊന്നരയ്ക്കുമൊക്കെ ഫുഡ് അടിച്ചുകയറ്റുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും നിവിന്‍ പറഞ്ഞു.

സുഹൃത്തുക്കള്‍ ചേരുമ്പോള്‍ അങ്ങനെയെല്ലാമാണ്. ഭക്ഷണരീതി, ഉറക്കം, യാത്രാശീലങ്ങള്‍ എല്ലാം അടിമുടി മാറും. ദിനചര്യകളെല്ലാം തകിടംമറിയും. അതെല്ലാം സൗന്ദര്യത്തിന്റെ കരുത്താണല്ലോ എന്നായിരുന്നു സിജുവിന്റെ കമന്റ്.

Content Highlight: Nivin pauly Aju Varghese Saiju Trolled Saiju Kurupp