ഖത്തറിലെ ഇസ്രഈല്‍ ആക്രമണം അമേരിക്കയുടെ അറിവോടെ; റിപ്പോര്‍ട്ട്
Trending
ഖത്തറിലെ ഇസ്രഈല്‍ ആക്രമണം അമേരിക്കയുടെ അറിവോടെ; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th September 2025, 10:11 pm

വാഷിങ്ടണ്‍: ഖത്തറില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രഈല്‍ നടത്തിയ ആക്രമണം അമേരിക്കയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്.

ദോഹയില്‍ ആക്രമണം നടത്തുന്ന വിവരം തങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി വൈറ്റ് ഹൗസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ഇസ്രഈല്‍ ടൈംസ്, ദി ജെറുസലേം പോസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശീര്‍വാദത്തോടെയാണ് ഖത്തറില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയതെന്ന് അമേരിക്കയിലെ പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഖത്തറിലെ ഇസ്രഈല്‍ ആക്രമണത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അപലപിച്ചു.

ഇസ്രഈലിന്റേത് ഖത്തറിന്റെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും നേരെയുള്ള ആക്രമണമാണെന്ന് ഗുട്ടറസ് പറഞ്ഞു. ഗസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇസ്രഈല്‍ ഖത്തറിനെ അക്രമിച്ചതെന്നും അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു.

ഇസ്രഈല്‍ ആക്രമണത്തിനെതിരെ അറബ് രാജ്യങ്ങളും രംഗത്തെത്തി. ഇസ്രഈലിനെതിരെ സ്വീകരിക്കുന്ന ഏതൊരു പ്രതികാര നടപടിക്കും പൂര്‍ണമായ പിന്തുണയുണ്ടാകുമെന്ന് കുവൈത്ത് അറിയിച്ചു.

ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയിലുണ്ടായ ഇസ്രഈല്‍ ആക്രമണത്തെ യു.എ.ഇ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിന്‍ സായിദ് അപലപിച്ചു. ഖത്തറിനെതിരായ ഇസ്രഈല്‍ ആക്രമണം രാജ്യത്തിന്റെ പരമാധികാരം നഗ്നമായി ലംഘിക്കുന്നതിന് സമാനമാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.

തുര്‍ക്കി, ജോര്‍ദാന്‍, പാകിസ്ഥാന്‍, സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഖത്തറിലെ ഇസ്രഈല്‍ ആക്രമണത്തിൽ അപലപിച്ചു.

പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെ ദോഹയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെ ഇസ്രഈല്‍ സേനയായ ഐ.ഡി.എഫ് ആക്രമണം നടത്തിയത്. 12 വ്യോമാക്രമണങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിന് പിന്നാലെ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഖലീല്‍ അല്‍ ഹയ്യ, ഖാലിദ് മെഷാല്‍, സഹെര്‍ ജബറിന്‍, മറ്റ് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് വിവരം.

അതേസമയം ഇസ്രഈല്‍ ആക്രമണത്തില്‍ ഹയ്യയുടെ മകന്‍ ഹമ്മാം അല്‍ ഹയ്യയും ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലുബ്ബാദും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Israeli attack on Qatar with US knowledge: Report