ചില പ്രതികള്‍ക്ക് പ്രത്യേക പരിഗണനയുണ്ടോ ? ; ബില്‍ക്കീസ് ബാനു കേസില്‍ സുപ്രീം കോടതി
national news
ചില പ്രതികള്‍ക്ക് പ്രത്യേക പരിഗണനയുണ്ടോ ? ; ബില്‍ക്കീസ് ബാനു കേസില്‍ സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th September 2023, 7:44 am

ന്യൂദല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാറിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ചില പ്രതികള്‍ക്ക് മാത്രമായി പ്രത്യേക സവിശേഷതളുണ്ടോയെന്നാണ് സുപ്രീം കോടതി ചോദിച്ചിരിക്കുന്നത്.

ജസ്റ്റിസ് ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഗുജറാത്ത് സര്‍ക്കാറിന്റെ നടപടിക്കെതിരെ ചോദ്യമുന്നയിച്ചത്. പ്രതികള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയായിരുന്നു പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നത്.

പ്രതികള്‍ ശിക്ഷിക്കപ്പെട്ടതാണെന്നും അതിനാല്‍ തന്നെ കുറ്റത്തിന്റെ സ്വഭാവവും തെളിവും പരിഗണിക്കേണ്ടതില്ലെന്നും വിട്ടയക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നുമായിരുന്നു പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകന്റെ വാദം. ഈ സമയത്താണ് കോടതി ചില പ്രതികള്‍ക്ക് മാത്രമായി പ്രത്യേക പരിണഗണയുണ്ടോ എന്ന് ചോദിച്ചത്. മാത്രവുമല്ല ജയില്‍ മോചനം നിയമപരമാണോ എന്നും കോടതി നിരീക്ഷിച്ചു. കേസില്‍ വാദം 20ന് തുടരുമെന്നും കോടതി അറിയിച്ചു.

2002ലെ ഗുജറാത്ത് കലാപത്തിനിടെ അന്ന് ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ ക്രൂരമായി പീഡിപ്പിക്കുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ക്ക് 2008ല്‍ കോടതി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. പിന്നീട് 2022 സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് ഗുജറാത്ത് സര്‍ക്കാറിന്റെ പ്രത്യേക ഉത്തരവോടെ വെറുതെ വിട്ടിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ക്ക് ഹിന്ദുത്വ നേതാക്കളുടെ നേതൃത്വത്തില്‍ മാലയിട്ട് സ്വീകരണം നല്‍കുകയും ചെയ്തിരുന്നു.

content highlights: Is there special treatment for some defendants? ; Supreme Court in Bilseeki’s Banu case