ഇനിയും റെസ്റ്റ്! ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ കളിച്ചേക്കില്ല; റിപ്പോര്‍ട്ട്
Asia cup 2023
ഇനിയും റെസ്റ്റ്! ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ കളിച്ചേക്കില്ല; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th September 2023, 11:59 pm

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെയാണ് നേരിടുന്നത്. സെപ്റ്റംബര്‍ 15നാണ് മത്സരം. ഫൈനലില്‍ പ്രവേശിച്ച ഇന്ത്യക്ക് ഈ മത്സരം പ്രാക്ടീസ് മാച്ചിന് സമമാണ്.

വലിയ പ്രാധാന്യമില്ലാത്ത മത്സരമായതിനാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു ഇലവനായിരിക്കും ഇന്ത്യ ഇറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിക്ബസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളാണ് ഇന്ത്യയുടെ ഇലവനില്‍ ഉണ്ടാകുക. അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് കൂടെ പരിഗാണിച്ചാണിത്.

വര്‍ക്ക്‌ലോഡ് മാനേജ് ചെയ്യാനായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് വിശ്രമം അനുവദിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരായിരിക്കും ഇവര്‍ക്ക് പകരം കളത്തില്‍ ഇറങ്ങുക.

പരിക്കില്‍ നിന്നും ഇതുവരെ പൂര്‍ണമായും മോചിതനാകാത്ത ശ്രേയസ് അയ്യര്‍ ബംഗ്ലാദേശിനെതിരെയും കളിക്കാന്‍ ഇറങ്ങില്ല എന്ന് ക്രിക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സൂപ്പര്‍ താരം വിരാട് കോഹ് ലിക്ക് വിശ്രമം അനുവദിച്ചുകൊണ്ട് സൂര്യകുമാര്‍ യാദവിനൊ തിലക് വര്‍മക്കൊ അവസരം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ലോകകപ്പ് ടീമിലുള്ളതിനാല്‍ സൂര്യകുമാറിനാണ് സാധ്യത കൂടുതല്‍.

സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെയും ശ്രീലങ്കയെയും തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കയറിയത്.

Content Highlight: India might Make some Changes in Game Against Bangladesh