അവനെതിരെ റണ്‍സ് നേടാനും വലിയ ഷോട്ടുകള്‍ അടിക്കാനും സഞ്ജു ബുദ്ധിമുട്ടും: ഇര്‍ഫാന്‍ പത്താന്‍
Cricket
അവനെതിരെ റണ്‍സ് നേടാനും വലിയ ഷോട്ടുകള്‍ അടിക്കാനും സഞ്ജു ബുദ്ധിമുട്ടും: ഇര്‍ഫാന്‍ പത്താന്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 14th April 2026, 1:12 pm

കൊല്‍ക്കത്തയുടെ സൂപ്പര്‍ സ്പിന്നര്‍ സുനില്‍ നരയ്‌നിനെത്തിരെ ചെന്നൈ സൂപ്പര്‍ താരം സഞ്ജു സാംസണിന് മികച്ച ട്രാക്ക് റെക്കോഡുകള്‍ ഇല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സുനിലിനെതിരെ സഞ്ജു മൂന്നുതവണ പുറത്തായിട്ടുണ്ടെന്നും റണ്‍സ് നേടാന്‍ ബുദ്ധിമുട്ടുന്നുവെന്നും പത്താന്‍ പറഞ്ഞു.

എന്നാല്‍ ചെപ്പോക്കിലെ പിച്ചില്‍ സുനില്‍ നരയ്‌നിനെതിരെ ബാക്ക് ഫൂട്ടില്‍ ഉപയോഗിച്ചാല്‍ സഞ്ജുവിന് സുഗമമായി കളിക്കാന്‍ സാധിക്കുമെന്ന് പത്താന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു പത്താന്‍.

‘സുനില്‍ നരയ്‌നിനെതിരെ സഞ്ജു സാംസണ്‍ മൂന്ന് തവണ പുറത്തായി. നരയ്‌നെതിരെ ആകെ 80 പന്തുകള്‍ നേരിട്ട സഞ്ജുവിന് 80ല്‍ താഴെ മാത്രമാണ് സ്‌ട്രൈക്ക് റേറ്റ് ഉള്ളത്. നരയ്‌നിനെതിരെ റണ്‍സ് നേടാനും വലിയ ഷോട്ടുകള്‍ കളിക്കാനും അദ്ദേഹം പാടുപെടുന്നു.

സഞ്ജു സാംസണിനെതിരെ കൊല്‍ക്കത്ത എത്ര വേഗത്തില്‍ സുനില്‍ നരെയ്‌നെ ആക്രമണത്തിലേക്ക് കൊണ്ടുവരുമെന്നും സാംസണ്‍ അവനെ എങ്ങനെ നേരിടുമെന്നും കാണേണ്ടത് പ്രധാനമാണ്. അദ്ദേഹം കൂടുതല്‍ ബാക്ക് ഫൂട്ട് ആണോ ഉപയോഗിക്കുന്നത്? കൂടുതല്‍ ബൗണ്‍സുള്ള ചെപ്പോക്കിലെ ഈ പിച്ചില്‍, പലപ്പോഴും ഫ്രണ്ട് ഫൂട്ടില്‍ വരേണ്ട ആവശ്യമില്ല. പിന്‍കാലിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സുഖകരമായി കളിക്കാന്‍ കഴിയും,’പത്താന്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ സുനില്‍ നരയ്‌നിനെതിരെ സഞ്ജുവിന് 82 പന്തില്‍ 66 റണ്‍സ് മാത്രമാണ് നിലവിലുള്ളത്. എന്ന സ്‌ട്രൈക്ക് റേറ്റ് ആണ് സഞ്ജു രേഖപ്പെടുത്തിയത്.

എന്നിരുന്നാലും നിലവില്‍ മികച്ച ഫോമിലാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹിക്കെതിരെ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. ആദ്യ മൂന്ന് മത്സരത്തിലെ പരാജയത്തിന് ശേഷമാണ് സഞ്ജു ദല്‍ഹിക്കെതിരെ വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു ചെപ്പോക്കില്‍ താണ്ഡവമാടിയത്. നേരിട്ട 52ാം പന്തിലായിരുന്നു സഞ്ജു ഐ.പി.എല്‍ കരിയറിലെ നാലാം സെഞ്ച്വറി സ്വന്തമാക്കിയത്.

അതേസമയം ഐ.പി.എല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കിലാണ് മത്സരം.

Content Highlight: Irfan Pathan Talking About Sanju Samson Fails To Score Runs Against KKR Bowler Sunil Narine

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ