ഇറാനില്‍ മുന്‍ പ്രസിഡന്റിന്റെ മകളും ആക്ടിവിസ്റ്റുമായ സ്ത്രീക്ക് അഞ്ച് വര്‍ഷം തടവ്; റിപ്പോര്‍ട്ട്
World News
ഇറാനില്‍ മുന്‍ പ്രസിഡന്റിന്റെ മകളും ആക്ടിവിസ്റ്റുമായ സ്ത്രീക്ക് അഞ്ച് വര്‍ഷം തടവ്; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th January 2023, 3:01 pm

ടെഹ്‌റാന്‍: ഇറാന്റെ മുന്‍ പ്രസിഡന്റ് അക്ബര്‍ ഹാഷെമി റഫ്‌സഞ്ജനിയുടെ (Akbar Hashemi Rafsanjani) മകളും ആക്ടിവിസ്റ്റുമായ ഫയ്‌സെ ഹാഷെമിക്ക് (Faezeh Hashemi) അഞ്ച് വര്‍ഷം തടവുശിക്ഷ. ഫയ്‌സെ ഹാഷെമിയുടെ അഭിഭാഷകനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

”മിസ് ഫെയ്സെ ഹാഷെമിയുടെ അറസ്റ്റിനെ തുടര്‍ന്ന് അവര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചു. എങ്കിലും ശിക്ഷ അന്തിമമായിട്ടില്ല,” അഭിഭാഷകന്‍ നെദ ഷാംസ് (Neda Shams) ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

ഫയ്‌സെ ഹാഷെമിക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അഭിഭാഷകന്‍ നല്‍കിയിട്ടില്ല.

എന്നാല്‍ ‘രാജ്യത്തെ വ്യവസ്ഥിതിക്കെതിരായ പ്രൊപ്പഗാണ്ട’യുടെ ഭാഗമായി എന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ഫയ്‌സെക്കെതിരെ കുറ്റം ചുമത്തിയിരുന്നുവെന്ന് ഇറാന്റെ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചതായാണ് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ISNAയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് ഇറാനിയന്‍ മോറല്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കുര്‍ദിഷ് യുവതി മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെ ‘രാജ്യത്ത് കലാപം സൃഷ്ടിച്ചു’ എന്നാരോപിച്ച് ഫയ്‌സെയെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബറിലായിരുന്നു അറസ്റ്റെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിന് പിന്നാലെയാണ് ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ തടവുശിക്ഷയുടെ റിപ്പോര്‍ട്ടും പുറത്തുവരുന്നത്.

2012ലും ഫെയ്സെ ഹാഷെമിയെ ഇറാനിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ‘രാജ്യ വിരുദ്ധ പ്രവര്‍ത്തന’മാരോപിച്ച് അവരെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു.

മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രതിഷേധപ്രകടനങ്ങള്‍ 1979ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം രാജ്യത്തെ പൗരോഹിത്യ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.

ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്റെ (Islamic Republic of Iran) സ്ഥാപകരിലൊരാളാണ് ഫയ്‌സെ ഹാഷെമിയുടെ പിതാവായ ഇറാന്റെ മുന്‍ പ്രസിഡന്റ് അക്ബര്‍ ഹാഷെമി റഫ്‌സഞ്ജനി. ഇറാന്റെ നാലാമത് പ്രസിഡന്റായി 1989 മുതല്‍ 1997 വരെയായിരുന്നു അക്ബര്‍ ഹാഷെമി റഫ്‌സഞ്ജനി രാജ്യം ഭരിച്ചത്.

Content Highlight: Iran sentences former president’s daughter to a five year prison term