എം.കെ. സ്റ്റാലിന്‍- ഗവര്‍ണര്‍ തര്‍ക്കം; തമിഴ്‌നാട്ടിലെ നിരത്തുകളില്‍ #ഗെറ്റൗട്ട്‌രവി പോസ്റ്ററുകള്‍
national news
എം.കെ. സ്റ്റാലിന്‍- ഗവര്‍ണര്‍ തര്‍ക്കം; തമിഴ്‌നാട്ടിലെ നിരത്തുകളില്‍ #ഗെറ്റൗട്ട്‌രവി പോസ്റ്ററുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th January 2023, 1:47 pm

ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ തമിഴ്‌നാട്ടില്‍ വ്യാപകമാകുന്നു.

‘ഗെറ്റൗട്ട് രവി’ എന്ന ഹാഷ്ടാഗ് (#GetOutRavi) ട്വിറ്ററടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ട്രെന്‍ഡിങ്ങാകുന്നതിനിടെയാണ് തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിലെ നിരത്തുകളിലേക്കും പോസ്റ്ററുകളുടെ രൂപത്തില്‍ പ്രതിഷേധം വ്യാപിക്കുന്നത്.

വെസ്റ്റ് ചെന്നൈയിലെ വള്ളുവര്‍കോട്ടം (Valluvar Kottam) അണ്ണ സലൈ (Anna Salai) എന്നീ സ്ഥലങ്ങളിലാണ് ഗവര്‍ണറോട് പുറത്തുപോകാന്‍ ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ കൂടുതലായും പ്രത്യക്ഷപ്പെടുന്നത്.

കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭയില്‍ നിന്നുള്ള ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ ഇറങ്ങിപ്പോക്കിന് പിന്നാലെയാണ് വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.

തമിഴ്‌നാടിന് കൂടുതല്‍ ഉചിതമായ പേര് ‘തമിഴകം’ എന്നതായിരിക്കും എന്ന ഗവര്‍ണറുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശമാണ് ഇത്തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടാനും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാകാനും ഒരു കാരണം.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയത്.

സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ പൂര്‍ണമായും വായിച്ചിട്ടില്ലെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ആര്‍.എന്‍. രവി സഭയില്‍ നിന്നും ഇറങ്ങിപ്പോയത്.

സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗം മാത്രമേ സഭയില്‍ രേഖപ്പെടുത്തൂവെന്നും ഇതില്‍ ഗവര്‍ണര്‍ ചേര്‍ത്ത ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

ഗവര്‍ണര്‍ ദ്രാവിഡ മോഡലുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കുകയും അദ്ദേഹത്തിന്റേതായി കുറച്ച് ഭാഗങ്ങള്‍ ചേര്‍ക്കുകയും ചെയ്തതിനെതിരെ മുഖ്യമന്ത്രി സഭയില്‍ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ യഥാര്‍ത്ഥ പ്രസംഗം മാത്രം രേഖകളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന പ്രമേയം സഭ അംഗീകരിച്ചു.

തമിഴ്നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ മതേതരത്വത്തെയും പെരിയാര്‍, ബി.ആര്‍ അംബേദ്കര്‍, കെ. കാമരാജ്, സി.എന്‍. അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളെയും പരാമര്‍ശിക്കുന്ന ഭാഗങ്ങളായിരുന്നു ഗവര്‍ണര്‍ ഒഴിവാക്കിയത് ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്.

ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സ്റ്റാലിന്‍ പ്രമേയ അവതരണത്തിനിടെ പറഞ്ഞു. ഇതിനിടെ സഭയില്‍ ഗവര്‍ണര്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഭരണകക്ഷി- സഖ്യകക്ഷി എം.എല്‍.എമാര്‍ ഇദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു.

ഈ വര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് ഗവര്‍ണര്‍ ആര്‍.എന്‍. രവി തന്റെ പതിവ് പ്രസംഗം ആരംഭിച്ചതിന് പിന്നാലെയായിരുന്നു സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഗവര്‍ണര്‍ അടിക്കടി നടത്തുന്ന വിവാദ പ്രസ്താവനകളെ അപലപിച്ചുകൊണ്ട് പ്രതിഷേധസൂചകമായി ഡി.എം.കെ സഖ്യകക്ഷികളും തമിഴ്‌നാട് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ ഉച്ചയോടെ ഗവര്‍ണറും സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

ഓണ്‍ലൈന്‍ ചൂതാട്ട നിരോധനത്തിന്റേത് ഉള്‍പ്പെടെയുള്ള ബില്ലുകള്‍ പാസാക്കുന്നതില്‍ ഗവര്‍ണര്‍ കാലതാമസം വരുത്തുന്നതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഭരണകക്ഷിയായ ഡി.എം.കെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, വിടുതലൈ ചിരുതൈഗല്‍ കച്ചി (വി.സി.കെ), സി.പി.ഐ, സി.പി.ഐ.എം എന്നീ പാര്‍ട്ടികള്‍ നേരത്തെ ഗവര്‍ണറുടെ പ്രസംഗം ബഹിഷ്‌കരിച്ചിരുന്നു.

നിലവില്‍ നിയമസഭ പാസാക്കിയ 21 ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയിലുണ്ട്.

ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ നിയമസഭയില്‍ ‘തമിഴ്‌നാട് വിടുക’ (Quit Tamil Nadu) എന്ന മുദ്രാവാക്യവും ഉയര്‍ന്നു. ഗവര്‍ണര്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രത്യയശാസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കരുത് എന്ന് ഡി.എം.കെ എം.എല്‍.എമാരും മുദ്രാവാക്യം മുഴക്കി.

Content Highlight: GetOutRavi hashtag Posters In Tamil Nadu Chennai Amid Governor-M.K Stalin Standoff